ആകാശ് തില്ലങ്കേരിയെ ജയിലിൽ സന്ദർശിച്ചത് പ്രതിശ്രുത വധുവെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ട്

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ സ്പെഷൽ സബ് ജയിലിൽ സന്ദർശിച്ചതു പ്രതിശ്രുത വധുവാണെന്നു ജയിൽ സൂപ്രണ്ട് എം.വി.രവീന്ദ്രന്റെ റിപ്പോർട്ട്. നിയമവിധേയമായതും ജയിൽ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിൽ പെട്ടതുമായ സൗകര്യങ്ങൾ മാത്രമാണു യുവതിക്ക് അനുവദിച്ചതെന്നും സിസി ടിവി ദൃശ്യങ്ങൾ ഇതിനു തെളിവാണെന്നും ജയിൽ ഡിജിപി ആർ.ശ്രീലേഖയ്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സ്പെഷൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ആകാശിനെ സന്ദർശിക്കാനെത്തിയ യുവതിക്കു ചട്ടവിരുദ്ധമായി സൗകര്യങ്ങൾ ചെയ്തു കൊടുത്തുവെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരൻ ജയിൽ ഡിജിപിക്കു പരാതി നൽകിയിരുന്നു. തുടർന്നാണു സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്. ജയിലിൽ സന്ദർശകർക്കു പ്രവേശനമില്ലാത്ത സ്ഥലത്ത്, യുവതിക്ക് ഈ മാസം ഒൻപത്, 13, 16 തീയതികളിലായി 12 മണിക്കൂറോളം ആകാശുമായി സ്വതന്ത്രമായി ഇടപഴകാൻ ജയിൽ അധികൃതർ അവസരം നൽകിയെന്നായിരുന്നു സുധാകരന്റെ പരാതി. അനുവദനീയമായ സമയത്ത്, തന്റെ ഓഫിസ് മുറിയിലാണു കൂടിക്കാഴ്ച അനുവദിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.

‘‘വിവാദമുയർത്തിയ കേസിന്റെ സാഹചര്യങ്ങളും യുവതിയുടെ പ്രത്യേക മാനസികാവസ്ഥയും പരിഗണിച്ചിരുന്നു. 12 മണിക്കൂറോളം സന്ദർശനം അനുവദിച്ചുവെന്നും ഒരു ദിവസം രണ്ടു തവണ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയെന്നുമുള്ള ആക്ഷേപങ്ങൾ ശരിയല്ല. എത്ര മണിക്കു യുവതി എത്തിയെന്നും തിരിച്ചു പോയെന്നും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അവ പരിശോധിക്കാവുന്നതേയുള്ളു. 16നു രണ്ടു തവണ ആകാശുമായി കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല. അന്നു വീണ്ടുമെത്തിയ യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച്, അവരോടു വിശദമായി സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തിയശേഷം തിരിച്ചയയ്ക്കുകയായിരുന്നു.’’ – റിപ്പോർട്ടിൽ പറയുന്നു.

കെ.സുധാകരൻ നൽകിയ പരാതി അന്വേഷിക്കാൻ ഉത്തരമേഖലാ ജയിൽ ഡിഐജി എസ്.സന്തോഷിനെ ജയിൽ ഡിജിപി ചുമതലപ്പെടുത്തിയിട്ടണ്ട്.