ഐക്യദാർഢ്യത്തോടെ ആന്റണി; യാത്ര ബൈക്കിൽ

ഐക്യദാർഢ്യത്തോടെ പിടിച്ചിരിക്കാം: കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദലിത് ഐക്യദാർഢ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ശേഷം കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഗൺമാന്റെ മോട്ടോർ സൈക്കിളിൽ വഴുതക്കാട്ടെ വസതിയിലേക്കു മടങ്ങുന്നു. കൂട്ടായ്മയിൽ പങ്കെടുക്കാൻ രാവിലെ എത്തിയതും ഇങ്ങനെ തന്നെ. ചിത്രം: ബി.ജയചന്ദ്രൻ ∙ മനോരമ.

തിരുവനന്തപുരം∙ ഇന്ദിരാഭവന്റെ മുറ്റത്തേക്ക് ഒരു ബുള്ളറ്റ് ബൈക്ക് വന്നു കയറിയതു ശ്രദ്ധിക്കേണ്ട കാര്യമായി ആർക്കും തോന്നിയില്ല. എന്നാൽ അതിനു പിറകിൽനിന്ന് ഒരു വിഐപി യാത്രക്കാരൻ ഇറങ്ങിയപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു– സാക്ഷാൽ എ.കെ.ആന്റണി. കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ആന്റണിയുടെ ബുള്ളറ്റ് യാത്ര കണ്ടുനിന്നവർക്കെല്ലാം കൗതുകവും അദ്ഭുതവുമായി.

ഇന്ദിരാഭവനിൽ കെപിസിസി സംഘടിപ്പിച്ച ദലിത് ഐക്യദാർഢ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനാണ് ആന്റണി ബൈക്കിലെത്തിയത്. വഴുതക്കാട്ടെ വീട്ടിൽനിന്നു വന്നതും ഉദ്ഘാടനശേഷം ഉച്ചയ്ക്കു മടങ്ങിയതും ബൈക്കിൽ തന്നെ. ഗൺമാൻ ഉല്ലാസ് ഓടിച്ച ബൈക്കിനു പിന്നിൽ ഒരു വശം ചെരിഞ്ഞു ‘കൂളാ’യി ആന്റണി ഇരുന്നു.

‘‘ദലിത് സംഘടനകളുടെ ഹർത്താൽ നടക്കുന്ന ദിവസം അവർക്കുകൂടി പിന്തുണ പ്രഖ്യാപിച്ചു സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ വന്നിറങ്ങുന്നതു ശരിയല്ലെന്നു തോന്നി. നടന്നുവരാമെന്നു വച്ചാൽ ദൂരമുണ്ട്. അതുകൊണ്ടാണു ബൈക്ക് തിരഞ്ഞെടുത്തത്’’– ആന്റണി ‘മനോരമ’യോടു പറഞ്ഞു.