റെയിൽവേ സ്റ്റേഷനുകളിൽ സെൽഫി കോർണറുകൾ

കോട്ടയം ∙ സ്റ്റേഷനുകളിൽ ട്രെയിന്റെ മുന്നിലും പ്ലാറ്റ്ഫോമിലും നിന്നു സെൽഫിയെടുത്ത് അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ സെൽഫി കോർണറുകൾ നിർമിക്കുന്നു.

റെയിൽവേ ബോർഡിന്റെ തീരുമാനപ്രകാരം രാജ്യത്തെ 70 പ്രധാന സ്റ്റേഷനുകളിലാണ് ആദ്യം നിർമിക്കുന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റേഷനുകളിലും രണ്ടാംഘട്ടത്തിൽ എല്ലാ പ്രധാന സ്റ്റേഷനുകളിലും നടപ്പാക്കാനാണ് തീരുമാനം. സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിൽ തന്നെ സുരക്ഷിതമായും ഭംഗിയായും സെൽഫിയെടുക്കാൻ പറ്റുന്ന തരത്തിൽ സെൽഫി കോർണറുകൾ നിർമിക്കാനാണ് റെയിൽവേ ബോർഡ് നിർദേശിച്ചത്. മാതൃകാ സ്റ്റേഷനുകളായി ഇപ്പോൾ നിർമാണം നടക്കുന്ന എല്ലാ സ്റ്റേഷനുകളിലും സെൽഫി കോർണറുകളും നിർമിക്കുന്നുണ്ട്. 

  ബന്ധുക്കളെ യാത്രയാക്കാൻ എത്തുമ്പോഴും സുഹൃത്തുക്കളുമായും ചേർന്നും പ്ലാറ്റ്ഫോമിലും മറ്റും ട്രെയിൻ പുറപ്പെടുമ്പോഴും സെൽഫിയെടുക്കുന്നത് അപകടത്തിന് ഇടവരുത്തുന്നുവെന്നതാണ് റെയിൽവേക്കു ലഭിച്ച റിപ്പോർട്ട്. ഇത്തരത്തിൽ പ്ലാറ്റ്ഫോമിലും റെയിൽവേ ട്രാക്കിലും നിന്നു സെൽഫിയെടുത്ത് ട്രെയിൻ അപകടത്തിൽ രാജ്യത്തു പത്തുപേർ മരിച്ചുവെന്നാണ് റെയിൽവേ സുരക്ഷാ സേനയുടെയും റിപ്പോർട്ട്. അലക്ഷ്യമായി ഫോണിൽ സംസാരിച്ച് ട്രെയിനിനു മുന്നിൽ അപകടത്തിൽപെടുന്നവരുടെയും എണ്ണം വർധിക്കുന്നുണ്ട്. 

 പ്ലാറ്റ്ഫോമിലെ അപകടക്കണക്ക് മാത്രമാണിത്. റെയിൽവേ ട്രാക്കിൽ ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണ്. അനധികൃതമായി ട്രാക്ക് കുറുകെ കടക്കുന്നതിനും ട്രാക്കിലും പ്ലാറ്റ്ഫോമിലുമൊക്കെ നിന്നു ഫോട്ടോയെടുക്കുന്നതിനുമൊക്കെ റെയിൽവേ ആക്ട് 147 പ്രകാരം പിഴ ഇൗടാക്കുന്നുണ്ട്. 

 പ്രധാന സ്റ്റേഷനുകളിൽ ആറു പേർക്കുവരെ ഇരുന്ന് നിശ്ചിത മണിക്കൂർ ചെറുയോഗങ്ങൾ നടത്തുന്നതിനുള്ള ‘മീറ്റിങ് പോയിന്റുകളും’ ഇൗ വർഷം സ്ഥാപിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഇതിനു വാടക ഏർപ്പെടുത്തും. അത്യാവശ്യക്കാർക്ക് സ്റ്റേഷനിൽ തന്നെ യോഗം ചേർന്ന് അടുത്ത ട്രെയിൻ പിടിക്കാം. 2018ൽ ഇൗ പദ്ധതികളെല്ലാം നടപ്പാക്കുന്നതിനാണ് നിർദേശം.