പിഎസ്‌സി പരീക്ഷ എഴുതാം, ഉറപ്പുനൽകിയാൽ മാത്രം

തിരുവനന്തപുരം∙ പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു മാത്രം പരീക്ഷാകേന്ദ്രം അനുവദിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 15 മുതലുള്ള പരീക്ഷകൾക്കു പുതിയ സംവിധാനം നിലവിൽ വരും.പരീക്ഷാ തീയതിക്ക് 70 ദിവസം മുൻപു പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കും. കലണ്ടറിൽ ഓരോ പരീക്ഷയുടെയും തീയതിക്കൊപ്പം കൺഫർമേഷൻ നൽകുന്നതിനുള്ള തീയതിയും ഉണ്ടാകും. പരീക്ഷാ തീയതിക്ക് 60 മുതൽ 40 ദിവസം മുമ്പു വരെയാണ് ഇതിനു സമയം നൽകുക. ഇങ്ങനെ കൺഫേം ചെയ്യുന്നവർക്കു മാത്രമേ ഹാൾ ടിക്കറ്റ് ലഭിക്കൂ. പരീക്ഷാതീയതിക്ക് 15 ദിവസം മുമ്പു മുതൽ പരീക്ഷയുടെ തലേന്നു വരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൺഫർമേഷൻ, ഹാൾടിക്കറ്റ് ഡൗൺലോഡിങ് എന്നിവ സംബന്ധിച്ച് ഉദ്യോഗാർഥികൾക്കു പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പു നൽകും.

പ്രൊഫൈൽ മെസേജ് ഉദ്യോഗാർഥി കണ്ടുവെന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. തീയതിയും സമയവും ഉൾപ്പെടെ അറിയാം. കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്കു പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പു നൽകും. ഇവർക്കു മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുക. അപേക്ഷിക്കുന്നവരിൽ പകുതിയോളം പേരും പരീക്ഷയ്ക്ക് എത്താത്ത സാഹചര്യത്തിലാണ് ചെലവു ചുരുക്കാനായി ഇത്തരമൊരു പരിഷ്കാരം പിഎസ്‌സി നടപ്പാക്കുന്നത്.

കോളജ് അധ്യാപക തസ്തികകളിൽ പിജിക്കു ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പഠിക്കാൻ അക്കാദമിക് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. ചില ഐഐടികൾ മാർക്ക് ഏകീകരിക്കുന്നതിനുള്ള ഫോർമുല നൽകാത്ത സാഹചര്യത്തിലാണ് ഇനി എന്തു വേണമെന്ന് ആലോചിക്കുന്നത്.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജ്യോഗ്രഫി) ജൂനിയർ തസ്തികയുടെ അദർ ക്രിസ്ത്യൻ വിഭാഗത്തിനു മാറ്റിവച്ച ഒരു ഒഴിവിലേക്കു രണ്ടു തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും യോഗ്യരായവരെ ലഭിക്കാത്തതിനാൽ മാതൃ റാങ്ക് പട്ടികയിലെ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികളിൽനിന്ന് ഒഴിവു നികത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനാട്ടമി സീനിയർ ലക്ചറർ (ധീവര), ഇഎൻടി അസിസ്റ്റന്റ് പ്രഫസർ, ഒഫ്താൽമോളജി സീനിയർ ലക്ചറർ –മുസ്‌ലിം എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മുനിസിപ്പൽ കോമൺ സർവീസിൽ ഇലക്ട്രീഷൻ തസ്തികയിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോ ഡയഗ്‌നോസ്റ്റിക്സ്) തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.