റെയിൽവേയുടെ മൊബൈൽ ആപ്പിന് ആവശ്യക്കാർ ഒട്ടേറെ

കൊച്ചി ∙ റെയിൽവേയുടെ യുടിഎസ് ഓൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിനത്തിൽ ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ് റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ  14ന് 3,200 പേരും 15ന് 3,800 പേരുമാണു റജിസ്റ്റർ ചെയ്തത്. 7,000 പേർ രണ്ടു ദിവസംകൊണ്ടു ഡിവിഷനിൽ ആപ് റജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇതിനു കൂടുതൽ സമയം വേണ്ടിവരുമെന്നു തിരുവനന്തപുരം ഡിവിഷനിലെ സീനിയർ കൊമേഴ്സ്യൽ മാനേജർ അജയ് കൗശിക് പറഞ്ഞു. സീസൺ ടിക്കറ്റുകാരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാകും ആപ് വഴി ടിക്കറ്റെടുക്കുക എന്ന കണക്കുകൂട്ടലിലാണു റെയിൽവേ.

ദക്ഷിണ റെയിൽവേയിൽ പ്രതിദിനം 10,000 പേരാണ് ആപ് റജിസ്റ്റർ ചെയ്യുന്നത്. സീസൺ ടിക്കറ്റ് പുതുക്കാനുള്ള തീയതിക്കു മുന്നോടിയായി ആപ്പിൽ സന്ദേശം എത്തുന്ന സംവിധാനം വേണമെന്നു ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി. കൃഷ്ണകുമാർ പറഞ്ഞു. നിലവിലുള്ള സീസൺ ടിക്കറ്റിന്റെ കാലാവധി തീരുന്നതോടെ കൂടുതൽ പേർ ആപ് ഉപയോഗിക്കുമെന്നു യാത്രക്കാർ പറയുന്നു. പകൽസമയ സ്ലീപ്പർ ടിക്കറ്റ് ആപ്പിൽ ലഭ്യമല്ലെങ്കിലും, ആപ്പിൽ എടുക്കുന്ന ജനറൽ ടിക്കറ്റ് ടിടിഇയെ കാണിച്ച് ഉയർന്ന ക്ലാസുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ തടസ്സമില്ല. നിരക്കിലുള്ള വ്യത്യാസം ട്രെയിനിൽ നൽകിയാൽ മതിയാകും.