ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചു

തിരുവനന്തപുരം∙ ഡാമുകളിൽ വേണ്ടത്ര വെള്ളം ഉള്ളതിനാൽ ജലവൈദ്യുതിയുടെ ഉൽപാദനം വൈദ്യുതി ബോർഡ് വർധിപ്പിച്ചു. ഉൽപാദനച്ചെലവ് വളരെ കുറവായതിനാൽ ജലവൈദ്യുതിയുടെ ഉൽപാദനം കൂട്ടുന്നതു ബോർഡിനു ലാഭകരമാണ്. കൽക്കരി ക്ഷാമം മൂലം മറ്റു സംസ്ഥാനങ്ങളിലെ താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞുവെങ്കിലും കാര്യമായ വൈദ്യുതി പ്രതിസന്ധി ഇപ്പോഴില്ല.

കഴിഞ്ഞ വർഷം ഡാമുകളിൽ 23% വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 36.72% വെള്ളമുണ്ട്. ഈ സാഹചര്യത്തിൽ, ജലവൈദ്യുതിയുടെ ശരാശരി ഉൽപാദനം 2.1 കോടി യൂണിറ്റിൽ നിന്ന് 2.4 കോടി യൂണിറ്റായി വർധിപ്പിക്കുകയായിരുന്നു. ഇടുക്കിയിൽ നിന്ന് ഒരു കോടിയോളം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 62 ലക്ഷം യൂണിറ്റും ഉൽപാദിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 7.7 കോടി യൂണിറ്റാണ്. താൽച്ചർ, നെയ്‌വേലി കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറവാണ്. എങ്കിലും പവർ എക്സ്ചേഞ്ച് ഉൾപ്പെടെ മറ്റിടങ്ങളിൽ നിന്നു വൈദ്യുതി വാങ്ങി കമ്മി നികത്തിയാണ് പോകുന്നത്. കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ചിൽ നിന്നു യൂണിറ്റിന് 3.88 രൂപ മുതൽ 5.40 രൂപ വരെ നൽകി വൈദ്യുതി വാങ്ങി.