ആറു വയസ്സുകാരൻ മകന്റെ മുന്നിൽ ദമ്പതികൾ തലയ്ക്കടിയേറ്റു മരിച്ചു

ബിജു, ശശികല

മാവേലിക്കര ∙ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ പേരിൽ ദമ്പതികളെ ആറു വയസ്സുകാരൻ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ അയൽവാസിയെ ഓടിച്ചിട്ടു പിടികൂടി. പല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജു (42), ഭാര്യ ശശികല (35) എന്നിവരെയാണ് തലയ്ക്കടിച്ചു കൊന്നത്. അയൽവാസിയായ പല്ലാരിമംഗലം പൊണ്ണശേരി കിഴക്കതിൽ തിരുവമ്പാടി വീട്ടിൽ ആർ.സുധീഷിനെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു.

തെക്കേക്കര പല്ലാരിമംഗലത്ത് ഇന്നലെ ഉച്ചയ്ക്കു 2.45ന് ആയിരുന്നു ഇരട്ടക്കെ‌ാലപാതകം. ബിജുവും ഭാര്യ ശശികലയും മാവേലിക്കരയിലെ ജോലി കഴിഞ്ഞു മകൻ ദേവനുമായി വീടിനു മുൻവശത്തെ വഴിയിലൂടെ പോയപ്പോൾ സുധീഷ് അസഭ്യം പറഞ്ഞു. ബിജു ഇതിനെ ചോദ്യം ചെയ്തു. മൂവരും വീടിനുള്ളിലേക്കു കയറിയതിനു പിന്നാലെ സുധീഷ് ക്ഷുഭിതനായെത്തി കമ്പിവടി ഉപയോഗിച്ചു ബിജുവിനെ ആക്രമിച്ചു.

ആർ.സുധീഷ്

നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തി ആക്രമണം തടയാൻ ശ്രമിച്ച ശശികലയെയും കമ്പിവടികൊണ്ട് അടിച്ചു. അടിയേറ്റു വീടിനു പുറത്തേക്ക് ഓടിയ ഇരുവരെയും പിന്തുടർന്ന സുധീഷ് സ്വന്തം വീടിനു മുൻവശത്തെ വഴിയിൽ വച്ചു വീണ്ടും കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഇഷ്ടിക വച്ചു പലതവണ തലയ്ക്കിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ബിജുവിന്റെ മൂത്ത മകൾ ദേവിക (11) സംഭവ സമയം മുള്ളിക്കുളങ്ങരയിലെ ബന്ധുവീട്ടിലായിരുന്നു. നിലവിളിച്ചോടിയ ദേവനാണു സമീപത്തെ വീടുകളിൽ വിവരമറിയിച്ചത്. അയൽവാസികൾ എത്തിയപ്പോൾ ബിജുവും ശശികലയും അടിയേറ്റു രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. കാലുകൾ ഒടിഞ്ഞു തൂങ്ങിയതിനാൽ കാറിൽ കൊണ്ടുപോകാൻ പറ്റാത്ത നിലയിലായിരുന്നു.

സംഭവമറിഞ്ഞെത്തിയ സിപിഎം ഏരിയ സെക്രട്ടറി കെ.മധുസൂദനനാണ് ആംബുലൻസ് വിളിപ്പിച്ച് ഇരുവരെയും കായംകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലും മരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ബിനു, മാവേലിക്കര സിഐ പി.ശ്രീകുമാർ, എസ്ഐ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണു സുധീഷിനെ രണ്ടു മണിക്കൂറിനുള്ളിൽ പിടികൂടിയത്.

ബിജു മുൻപു താമസിച്ചിരുന്ന ഷെഡും സ്ഥലവും സുധീഷ് വിലയ്ക്കു വാങ്ങുകയായിരുന്നു. ബിജുവിന്റെ വീട്ടുകാരുമായി സുധീഷ് വഴക്കിടുന്നതു പതിവായതിനാലാണ് ഇന്നലെ ബഹളം കേട്ടിട്ടും അയൽവാസികൾ ശ്രദ്ധിക്കാതിരുന്നത്. മുൻപു ബിജുവിന്റെ വീടുകയറി ആക്രമിക്കുകയും ജനൽ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.