ഷുഹൈബ് വധം: ഒരു പ്രതിക്കു ജാമ്യം

മട്ടന്നൂർ (കണ്ണൂർ) ∙ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഒരു പ്രതിക്കു ജാമ്യം അനുവദിച്ചു. മറ്റു പ്രതികളുടെ റിമാൻഡ് രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. സിപിഎം പ്രവർത്തകനും പാലയോട് സ്വദേശിയുമായ സഞ്ജയ്നാണ് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ ഒൻപതാം പ്രതിയാണ്. അറസ്റ്റിലായി 53 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. റിമാൻഡിൽ കഴിയുന്ന സംഗീത്, അൻവർ, രജത് എന്നിവരും ജാമ്യത്തിനായി തലശ്ശേരി സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസ് ഇന്നു കോടതി പരിഗണിക്കും. അതേസമയം റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ ഇന്നലെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

മുഴുവൻ പ്രതികളുടെയും റിമാൻഡ് കാലാവധി നീട്ടി. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ മൊബൈൽ ഫോണിൽ ചിത്രം പകർത്താൻ ശ്രമിച്ച രണ്ടു പേരെയും ഇവരുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. എടയന്നൂർ സ്വദേശികളായ ഇവരെ പിന്നീട് വിട്ടയച്ചു.