അടവുനയത്തിൽ അടുപ്പം കൂടി; ഐക്യത്തിലെത്താൻ തടസ്സമേറെ

കൊല്ലം∙ കോൺഗ്രസുമായി ധാരണയാകാമെന്നു സിപിഎം തീരുമാനിച്ചതോടെ സിപിഎം– സിപിഐ പുനരൈക്യത്തിനു വഴിതെളിഞ്ഞേക്കുമെന്നു സിപിഐ വിലയിരുത്തൽ. എന്നാൽ അടുത്ത ചുവടു വയ്ക്കേണ്ടതു സിപിഎം ആണെന്നാണു സിപിഐയുടെ നിലപാട്.

ഹൈദരാബാദിലെ സിപിഎം പാർട്ടി കോൺഗ്രസിനു ശേഷം സിപിഎമ്മും സിപിഐയും കൂടുതൽ അടുത്തുവെന്നാണു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞത്. സിപിഐയുടെ നിലപാടിനോട് സിപിഎം ഏറെ അടുത്തതായി സിപിഐ ദേശീയ സെക്രട്ടറി ഷമീം ഫൈസിയും പറഞ്ഞു.

എന്നാൽ, കോൺഗ്രസുമായി ധാരണയാകാമെന്നു നയം മാറ്റുകയും നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തെ പ്രകീർത്തിക്കുകയും ചെയ്തെങ്കിലും സിപിഐയുമായി കാര്യമായ നീക്കുപോക്കെന്തെങ്കിലും ഉണ്ടാകുമെന്നു സീതാറാം യച്ചൂരിയോ മറ്റേതെങ്കിലും സിപിഎം നേതാവോ പറഞ്ഞിട്ടില്ല.

സിപിഎമ്മുമായുള്ള ഐക്യത്തിന് എന്നും താൽപര്യമെടുത്തതു സിപിഐയാണ്. ഐക്യത്തിൽ തുടങ്ങി ലയനം, പുനരേകീകരണം തുടങ്ങി പല വാക്കുകൾ അവർ പറഞ്ഞു. മുൻ പാർട്ടി കോൺഗ്രസുകളിലും ആഹ്വാനമുണ്ടായി. പൂർണമനസ്സോടെയുള്ള പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഹർകിഷൻ സിങ് സുർജിത് സിപിഎമ്മിന്റെയും ഇന്ദ്രജിത് ഗുപ്ത സിപിഐയുടെയും ജനറൽ സെക്രട്ടറിമാരായിരുന്നപ്പോൾ, സംസ്ഥാന തലത്തിൽ ഇരുപാർട്ടികളും ചേർന്ന് ഏകോപന സമിതികളുണ്ടാക്കാൻ വരെ ആലോചിച്ചതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. രണ്ടു വർഷം മുൻപു സിപിഐയുടെ 90–ാം വാർഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിൽ സുധാകർ റെഡ്ഡി പറ‍ഞ്ഞതു പിളർപ്പിന്റെ കാരണങ്ങൾ അപ്രസക്തമായെന്നും ഇനിയും പുനരൈക്യമുണ്ടായില്ലെങ്കിൽ രണ്ടു പാർട്ടികളോടും ചരിത്രം പൊറുക്കില്ലെന്നുമാണ്.

ലയനം അടിയന്തര അജൻഡയിലുള്ള വിഷയമല്ലെന്നും യോജിച്ചുള്ള പ്രവർത്തനമാണു വേണ്ടതെന്നുമായിരുന്നു അന്നു യച്ചൂരിയുടെ മറുപടി. പുതിയ ഭാരവാഹികൾ; അണിയറയിൽ ചർച്ച കേന്ദ്ര നേതൃത്വത്തിൽ അഴിച്ചുപണിയെന്ന ആവശ്യം ഉയർന്നതോടെ ഇതു സംബന്ധിച്ച കൂടിയാലോചനകൾ വിവിധ തലങ്ങളിൽ അനൗദ്യോഗികമായി മുറുകി.

ഇന്നു ചർച്ചകൾക്കു ജനറൽ‍ സെക്രട്ടറി മറുപടി പറഞ്ഞതിനുശേഷം രാത്രി നേതൃത്വം ഇക്കാര്യത്തിലേക്കു കടക്കും. ജനറൽ സെക്രട്ടറിയായി എസ്. സുധാകർ റെഡ്ഡി തുടരുമോയെന്നാണ് അറിയാനുള്ളത്. ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി പുതിയയൊരാൾ വരുമെന്ന് ഉറപ്പാണ്.

കേരളത്തിൽ നിന്ന് കെ.ഇ. ഇസ്മായിലിനെ ദേശീയ നിർവാഹക സമിതിയിൽ നിലനിർത്തുമോയെന്നുമറിയണം. ദേശീയ കൗൺസിലിലെ കേരളത്തിന്റെ പ്രതിനിധികളെ കേരളഘടകം യോഗം ചേർന്നാണു നിർദേശിക്കേണ്ടത്. ഇന്നു രാത്രിയും നാളെ രാവിലെയുമായി ഇതെല്ലാം പൂർത്തിയാകും.