അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോം ജോസ് കുറ്റവിമുക്തൻ

മൂവാറ്റുപുഴ∙ തൊഴിൽ വകുപ്പ്‌ അഡീഷനൽ ചീഫ്‌ സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചു. അനധികൃത സ്വത്തുക്കളില്ലെന്നു കണ്ടെത്തി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണു ടോം ജോസിനെതിരെ കേസ് എടുത്തത്. 2010 മുതൽ 2016 സെപ്റ്റംബർ വരെയുള്ള കാലത്ത് ടോം ജോസ് 1.19 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്ന് ആരോപിക്കുന്ന എഫ്ഐആറാണു വിജിലൻസ് ഡിവൈഎസ്പി കെ.ആർ. വേണുഗോപാൽ കോടതിയിൽ സമർപ്പിച്ചിരുന്നത്. കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ, അനധികൃത സ്വത്തില്ലെന്നും കുടുംബ ആസ്തി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. 

ടോം ജോസിന്റെ കലൂർ ജവാഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയൽ ടവർ, തിരുവനന്തപുരം വെള്ളയമ്പലത്തെ വാടക ഫ്ലാറ്റ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട് എന്നിവിടങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 170 രേഖകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ലെന്നാണു വിജിലൻസ് വ്യക്തമാക്കിയത്. ഭാര്യാപിതാവിൽ നിന്നു ടോം ജോസിന്റെ മകനു ലഭിച്ച പണം പിന്നീടു ടോം ജോസിനു നൽകിയെന്നും ഇത് അനധികൃത സ്വത്തായി കാണാനാവില്ലെന്നും വിജിലൻസ് വാദിച്ചു. 

ആ പണത്തിന്റെ കണക്കു സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചും റിപ്പോർട്ട് സമർപ്പിച്ചതോടെയാണു കേസ് അവസാനിപ്പിച്ചത്.