Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ജോസ് കേരളത്തിന്റെ ചീഫ് സെക്രട്ടറി

tom-jose

തിരുവനന്തപുരം ∙ പോൾ ആന്റണി 30ന് വിരമിക്കുന്ന ഒഴിവിൽ ചീഫ് സെക്രട്ടറിയായി അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിന്റെ 45–ാമത്തെ ചീഫ് സെക്രട്ടറിയായി ടോം ജോസ് ശനിയാഴ്ച ചുമതലയേൽക്കും. ഇദ്ദേഹത്തിന് 2020 മേയ് 31 വരെ സർവീസുണ്ട്.

ടോം ജോസിനെക്കാൾ സീനിയറായ ഡോ.എ.കെ.ദുബെ, അരുണ സുന്ദരരാജൻ, ആനന്ദ്കുമാർ എന്നിവർ ഇപ്പോൾ കേന്ദ്രത്തിൽ സെക്രട്ടറിമാരാണ്. ഇവർ കേരളത്തിലേക്കു വരാൻ താൽപര്യം കാട്ടിയില്ല. ടോം ജോസ് ചീഫ് സെക്രട്ടറിയാകുന്നതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്ക് അഡീഷനൽ ചീഫ് സെക്രട്ടറി പദവി ലഭിക്കും. ടോം ജോസ് ഇപ്പോൾ ജലവിഭവം, തൊഴിൽ, എക്സൈസ് വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.

പാലാ സ്വദേശിയായ ഇദ്ദേഹം 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിൽ പല സുപ്രധാന പദവികളും വഹിച്ചു. കെഎസ്ഐഡിസി, സപ്ലൈകോ, കൺസ്ട്രക്‌ഷൻ കോർപറേഷൻ, റബർമാർക്ക് എന്നിവയുടെ മാനേജിങ് ഡയറക്ടറും ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സിഎംഡിയും ആയിരുന്നു. 2011ൽ കൊച്ചി മെട്രോയുടെ പ്രാരംഭകാലത്തു മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു.

1999–2004 ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ വ്യോമസേനയുടെ ചുമതല വഹിച്ചിരുന്നു. ഇന്ത്യ–റഷ്യ സൈനിക സഹകരണത്തിന്റെ ചുമതലയുള്ള ചീഫ് കോ–ഓർഡിനേറ്ററായി നാലു വർഷം മോസ്കോയിലായിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദവും യുഎസിൽ നിന്നു പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടി. ഭാര്യ: സോജ. മകൻ ഷോൺ മൈക്കിൾ ജോസ് അമേരിക്കയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ എയ്റോസ്പേസ് എൻജിനീയറിങ് വിദ്യാർഥി.