ലിഗ: കസ്റ്റഡിയിലായ യോഗാ വിദ്വാന് ‘ഗോലിയാത്തിന്റെ’ കരുത്ത്

തിരുവനന്തപുരം∙ 'കാരിരുമ്പിന്റെ ശക്തി, ആറാറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാൻ ശേഷി'- ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിൽ എടുത്ത വാഴമുട്ടം സ്വദേശിയെക്കുറിച്ചു പൊലീസിനു ലഭിച്ച സാക്ഷിമൊഴി ഇങ്ങനെ. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഇയാളാകാമെന്ന കണക്കുകൂട്ടലിലാണു പൊലീസ്.

ആജാനുബാഹുവായ ഇയാൾ വാഴമുട്ടം പാറവിള സ്വദേശിയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണു പനത്തുറയിലെ കണ്ടൽക്കാട്. 40 വയസ്സുള്ള ഇയാൾ യോഗാഭ്യാസിയും അനധികൃത ടൂറിസ്റ്റ് ഗൈഡുമാണ്. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് രീതി. കോവളം ബീച്ചിൽ രാവിലെ സമയങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതും ശീലമാണത്രേ. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നത്.

ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കിടന്നപ്പോഴും ഇയാൾ അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ട പരിചയക്കാരൻ അടുത്തിടെ ഇങ്ങോട്ടൊന്നും വന്നില്ലേ എന്നു ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ മടങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഇയാൾ സഹകരിക്കാത്തതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി പൊലീസ് കാത്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി മനഃശാസ്ത്രജ്ഞന്റെയും സഹായം തേടിയിട്ടുണ്ടെന്നാണു സൂചന.

സമീപത്തു കണ്ട ബോട്ടിലും വള്ളിപ്പടർപ്പിലും ചില ശരീര അവശിഷ്ടങ്ങൾ ഫൊറൻസിക് സംഘം കണ്ടെത്തി. ഇവ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. ലഹരിമരുന്നു കേസുകളിൽ സ്ഥിരമായി പ്രതികളാകുന്നവരിൽ സ്ഥലത്തില്ലാത്തവരുടെ പട്ടിക പൊലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പൊലീസ് അന്വേഷണം എത്തിയത്.