ഷുഹൈബ് വധം: സിബിഐ അന്വേഷണ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കണ്ണൂർ ∙ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു പിതാവ് സി.മുഹമ്മദ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് സിബിഐക്കു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരാകുന്നത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിരുന്നു.

ഒന്നരമാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തോടെയാണു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്.പി.ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഎം പ്രവർത്തകരിൽ രണ്ടു പേർ ജാമ്യം നേടി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണു പൊലീസ്.