ഓർമകളിൽ പുഷ്പനാഥ് തിരഞ്ഞു: ‌‍സലീം എവിടെ?

എന്റെ നായകനെ ഓർക്കാൻ... ഇന്നലെ അന്തരിച്ച കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് സ്ഥിരമായി ഉപയോഗിക്കുന്ന തൊപ്പിയുമായി കോട്ടയം ചുങ്കം ചെറുവള്ളിൽ വീട്ടിൽ ഭാര്യ മറിയാമ്മ. മകൾ ജമീല സമീപം. ചിത്രം: മനോരമ

കോട്ടയം ∙ ട്വിസ്റ്റുകളും സസ്പെൻസുകളും അസാധാരണ വഴിത്തിരിവുകളും നിറഞ്ഞ കഥകൾപോലെതന്നെയായിരുന്നു കോട്ടയം പുഷ്പനാഥിന്റെ മരണവും. ഇന്നലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ, മരണം വന്നു വിളിച്ചു. കടുത്ത പ്രമേഹമായിരുന്നു പുഷ്പനാഥിനെ വിഷമിപ്പിച്ചുകൊണ്ടിരുന്നത്. അവസാന നാളുകളിൽ ഓർമയുടെ അടരുകളിലും ചേർച്ചക്കുറവുണ്ടായി. മകൻ സലീമിന്റെ മരണം അദ്ദേഹം അറിഞ്ഞെങ്കിലും മെല്ലെ ആ സങ്കടം ഓർമകളിൽനിന്നു മാഞ്ഞു. ഇടയ്ക്കിടെ അദ്ദേഹം സലീമിനെ അന്വേഷിക്കുമായിരുന്നു.‘ സലിം ദൂരയാത്രയ്ക്കു പോയിരിക്കുകയാണ് ഉടനെ വരും’... എന്നു പറഞ്ഞു ഭാര്യ മറിയാമ്മ അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു. വൈൽഡ്‌ ലൈഫ് ഫൊട്ടോഗ്രഫറും എഴുത്തുകാരനുമായ മകൻ സലിം പുഷ്പനാഥ് കഴിഞ്ഞ മാസം പത്തിനു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 

സലിം പുഷ്പനാഥ്

കഥാപാത്രങ്ങൾ മുന്നിൽ... നിശ്ശബ്ദതയിൽ എഴുത്ത്

നിശ്ശബ്ദതയിൽ ഏകാഗ്രതയുടെ പുകച്ചുരുളുയരുന്നു. കോട്ടയം പുഷ്പനാഥ് കഥയെഴുതുകയാണ്. ആ സമയം ആരും ഉറക്കെ സംസാരിക്കാൻ പാടില്ല. ടിവി വയ്ക്കാനും അനുമതിയില്ല. എഴുത്തിലേക്ക് ഇഴുകിച്ചേർന്നാൽ അദ്ദേഹം ആ മായാലോകത്ത് അങ്ങനെ ഒഴുകിനടക്കും. ഹാഫ് എ.കൊറോണ ചുരുട്ടുകളും ഫ്രഞ്ച് വിസ്‌കിയും നിറയുന്ന കഥാന്തരീക്ഷങ്ങളൊരുക്കിയ എഴുത്തുകാരൻ അവയൊന്നും ഉപയോഗിക്കാത്തയാൾ. വിവിധ വാരികകളിൽ ഒരു സമയം ഒൻപതു നോവലുകൾ എഴുതിക്കൊണ്ടിരുന്ന സമയമുണ്ട്. അന്നൊക്കെ എഴുത്തിനു സഹായികളെ വരെ ഉപയോഗിച്ചിരുന്നു. ആദ്യം കഥാപാത്രങ്ങളെ സൃഷ്ടിക്കുക. പിന്നെ അവർക്കു പിന്നാലെ പോവുക. അതായിരുന്നു കഥയെഴുത്തെന്നു പുഷ്പനാഥ് പറഞ്ഞിട്ടുണ്ട്. ഇരുവശത്തും താൻ തന്നെ ഇരുന്നു ചെസ് കളിക്കുന്നത്ര ഹരമാണു നോവലുകൾ എഴുതുമ്പോഴെന്നും അദ്ദേഹം അനുഭവക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്.

ആദ്യം നോവലിന്റെ പേരാണു മനസ്സിൽ വരുന്നത്. പിന്നാലെ കഥാപാത്രങ്ങളെത്തും. എഴുതിയതു രണ്ടാമതു വായിച്ചുനോക്കുകയോ മക്കൾക്കോ ഭാര്യയ്ക്കോ വായിക്കാൻ കൊടുക്കുകയോ അദ്ദേഹം ചെയ്തിരുന്നില്ല. തന്റെ നോവലുകൾ വായിക്കരുതെന്നു മക്കളെ കർശനമായി വിലക്കുകയും ചെയ്തിരുന്നു. ചില നോവലുകൾ എഴുതുമ്പോൾ ‍ഡോക്ടർമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞൻമാരുടെയും സഹായം തേടിയിട്ടുണ്ട്. ചിലരെ നോവലുകളിൽ കഥാപാത്രങ്ങളുമാക്കി. വാരികകളിൽ തുടർച്ചയായി ഡിറ്റക്റ്റീവ് നോവലുകൾ പ്രത്യക്ഷപ്പെടുന്ന സമയങ്ങളിൽ നോവലിസ്റ്റിനെ നേരിട്ടറിയാവുന്നവർ ആകാംക്ഷ സഹിക്കവയ്യാതെ ഫോണിലും മറ്റും ബന്ധപ്പെട്ടു ബാക്കി ഇനിയെന്തു സംഭവിക്കുമെന്നു ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു !

പതിമൂന്നു വേണ്ട! 

അദ്ദേഹം നോവലെഴുതുമ്പോൾ കൈയെഴുത്തു പ്രതികളിലൊന്നും 13–ാം നമ്പർ പേജ് ഉണ്ടായിരുന്നില്ല. പകരം 12 കഴിഞ്ഞാൽ 12 എ എന്ന പേജായിരിക്കും ഉണ്ടാവുക. വിദേശ നാടുകളിലൊന്നും 13–ാം നമ്പർ ഇല്ലെന്നും 13 യൂദായുടെ നമ്പരാണെന്നുമായിരുന്നു അദ്ദേഹം ഇതിനു നൽകിയിരുന്ന ന്യായീകരണം.

ക്ലാസ്മുറിയിൽവന്നു, ഹോംസ്; എഴുതിത്തുടങ്ങി പുഷ്പനാഥ്

കോട്ടയം എംടി സ്കൂളിലെ കണക്ക് അധ്യാപകനായിരുന്ന കെ.പി.ഐപ്പ് ഷെർലക് ഹോംസ് കഥകൾ പറഞ്ഞുകൊടുത്തു നടത്തുന്ന അധ്യാപനരീതിയാണു കോട്ടയം പുഷ്പനാഥിനെ ഒരു അപസർപ്പക എഴുത്തുകാരനാക്കിയത്. എസ്എസ്എൽസിക്കുശേഷം ടൈപ്പ് റൈറ്റിങ്ങും ഹിന്ദി വിദ്വാൻ കോഴ്സും പഠിച്ച ശേഷം കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് 1972 ൽ ബിഎ ഹിസ്‌റ്ററി പഠനം. ചെറുപ്പത്തിൽത്തന്നെ വായനയുടെ ലോകത്തേക്കു വരാൻ പുഷ്‌പനാഥിനു പ്രചോദനം നൽകിയത്, അധ്യാപികയായിരുന്ന അമ്മയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മാസികയിൽ ‘തിരമാല’ എന്ന ചെറുകഥയെഴുതി. പത്താം ക്ലാസിനു മുൻപുതന്നെ പുഷ്പനാഥിന്റെ കഥകൾ അച്ചടിമഷി പുരണ്ടിരുന്നു. ‍

1968ൽ എഴുതിയ ‘ചുവന്ന മനുഷ്യൻ’ ആയിരുന്നു ആദ്യ നോവൽ. ബി.കെ.എം.ചമ്പക്കുളത്തിന്റെ ‘ഡിറ്റക്ടർ’ എന്ന മാസികയിലാണ് ആദ്യമായി കുറ്റാന്വേഷണ കഥ എഴുതിത്തുടങ്ങിയത്. മൂത്ത സഹോദരി ബേബിയുടെ വിവാഹത്തിനുശേഷം ടിടിസി കഴിഞ്ഞിറങ്ങി പത്തൊൻപതാമത്തെ വയസ്സിൽ മഞ്ചേരിയിൽ സ്‌കൂളിൽ താൽക്കാലിക ജോലി. പിന്നെ സർക്കാർ സ്‌കൂളിൽ സ്‌ഥിരം ജോലി. ഒടുവിൽ എഴുത്തിന്റെ തിരക്കുകൂടിയതോടെ അവിടെനിന്നു സ്വയം വിരമിച്ചു. ചരിത്രവും ഭൂമിശാസ്ത്രവുമായിരുന്നു വിഷയങ്ങൾ. നോവലുകൾ ഹിറ്റായതോടെ പുസ്തക പ്രസാധനം ‘പുഷ്പനാഥ് പബ്ലിക്കേഷൻസ്’ എന്ന പേരിൽ തുടങ്ങി. കുട്ടികൾക്കായി ‘പുഷ്പനാഥ് കോമിക്സും’ പുറത്തിറക്കി. ഒരു ബുക്ക് ക്ലബ്ബിനും അദ്ദേഹം രൂപംനൽകി. 

കോട്ടയം പുഷ്പനാഥിന്റെ കുറ്റാന്വേഷണ നോവലുകൾ. ചിത്രം: മനോരമ

തൊപ്പിവച്ച ഡിറ്റക്ടീവ് തല

കോലൻ മുടി മറയ്ക്കാൻ വിഗ്ഗ് വച്ചതോടെ കഷണ്ടി പിടിച്ച തലയായി കോട്ടയം പുഷ്പനാഥിന്റേത്. അതോടെയാണ് അദ്ദേഹം ഡിറ്റക്ടീവ് സ്റ്റൈൽ തൊപ്പി തലയിൽ ചാർത്താൻ തുടങ്ങിയത്. 

അധ്യാപകനായി ജോലി ചെയ്യുന്ന കാലത്ത് രണ്ടു സഹപ്രവർത്തകർ വിഗ് വച്ചതു കണ്ടതോടെയാണ് അദ്ദേഹവും വിഗ് തലയിലേറ്റിയത്. എന്നാൽ ഇതോടെ മുടി കൊഴിഞ്ഞു ശരിക്കും കഷണ്ടിയായി അദ്ദേഹത്തിന്റെ തല. ആഗ്രയിൽനിന്നുവന്നൊരാൾ സമ്മാനിച്ച തൊപ്പി ഇതോടെ അദ്ദേഹത്തിനു കിരീടമായും ശരീരത്തിന്റെ ഒരു ഭാഗമായും മാറുകയായിരുന്നു.

കോട്ടയം പുഷ്പനാഥിന്റെ പ്രധാന നോവലുകൾ

ചുവന്ന മനുഷ്യൻ, ഡ്രാക്കുളക്കോട്ട, പ്ലൂട്ടോയുടെ കൊട്ടാരം, ഓവർ ബ്രിഡ്ജ്, തുരങ്കത്തിലെ സുന്ദരി, പാരലൽ റോഡ്, ബാസ്കർവില്ലയിലെ ഭീകരൻ, ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി, ഡെവിൾ, ലൂസിഫർ, രണ്ടാം വരവ്, ഡ്രാക്കുള ബ്രസീലിൽ, ഗന്ധർവയാമം, ലണ്ടൻകൊട്ടാരത്തിലെ രഹസ്യങ്ങൾ, റെഡ് റോബ്.