ഷുഹൈബ് കൊലക്കേസ്: കുറ്റപത്രം ഇന്ന്

കൊല്ലപ്പെട്ട ഷുഹൈബ്

മട്ടന്നൂർ∙ എടയന്നൂരിലെ യൂത്ത്കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ഇന്നു സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 386 പേജുള്ള കുറ്റപത്രവും എണ്ണായിരത്തോളം പേജുള്ള അനുബന്ധ രേഖകളും ആണ് കോടതിയിൽ സമർപ്പിക്കുക.

ഫെബ്രുവരി 12ന് രാത്രിയാണു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. എടയന്നൂരിനു സമീപം തെരൂരിലെ തട്ടുകടയിൽ ഇരിക്കുമ്പോൾ കാറിൽ എത്തിയ അക്രമി സംഘം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. സിപിഎം പ്രവർത്തകരായ 11 പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ടു പേർക്കു ജാമ്യം ലഭിച്ചിരുന്നു. മറ്റുള്ളവർ റിമാൻഡിൽ കഴിയുന്നു. തില്ലങ്കേരിയിലെ എം.വി.ആകാശ് ആണ് ഒന്നാം പ്രതി. രജിൻരാജ്, കെ.അഖിൽ, അൻവർ സാദത്ത്, കെ.അസ്കർ, എ.ജിതിൻ, കെ.സഞ്ജയ്, കെ.രജത്, കെ.വി.സംഗീത്, കെ.ബൈജു, ദീപ് ചന്ദ് എന്നിവരാണ് പ്രതികൾ. സഞ്ജയ്, ബൈജു എന്നിവർക്കു നേരത്തേ ജാമ്യം ലഭിച്ചു. മറ്റുള്ളവരുടെ ജാമ്യ ഹർജി കോടതി തള്ളുകയായിരുന്നു.

കൊലപാതകത്തിനു ശേഷം തൊണ്ണൂറ്റി രണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്കു സ്വാഭാവികമായി ജാമ്യം ലഭിക്കും. ഇതിന് അവസരമൊരുക്കുന്നതിനാണു കുറ്റപത്രം വൈകിപ്പിക്കുന്നതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ആകാശ്, അഖിൽ, അസ്കർ, ദീപ്ചന്ദ് എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചിരുന്നു.