ഷുഹൈബ് വധക്കേസ്: ഗൂഢാലോചന പ്രാദേശികം മാത്രമെന്നു കുറ്റപത്രം

മട്ടന്നൂർ∙ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യവും പ്രാദേശികതലത്തിലുള്ള ഗൂഢാലോചനയുമെന്നു കുറ്റപത്രം. 

സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള പ്രശ്നത്തിൽ ഷുഹൈബ് ഇടപെട്ടതാണ് വൈരാഗ്യത്തിനു കാരണമെന്നും മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കോൺ‌ഗ്രസ് ആരോപിക്കുന്നതു പോലെ, ഉന്നതതല ഗൂഢാലോചനയോ പ്രമുഖ നേതാക്കളുടെ ആസൂത്രണമോ കൊലയ്ക്കു പിന്നിലുള്ളതായി കുറ്റപത്രത്തിലില്ല. ഗൂഢാലോചന സംബന്ധിച്ചു കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് ബോധിപ്പിച്ചിട്ടില്ല. 

റിമാൻഡിൽ കഴിയുന്ന എം.വി.ആകാശ് ഉൾപ്പെടെ 11 സിപിഎം പ്രവർത്തകരാണു കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചനയിൽ ഉൾപ്പെട്ട ആറു പേർ പിടിയിലാകാനുണ്ട്. 

ഫെബ്രുവരി 12നു രാത്രി 10.45ന് എടയന്നൂർ തെരൂരിലെ തട്ടുകടയ്ക്കു മുൻപിലാണു ഷുഹൈബ് വെട്ടേറ്റു മരിച്ചത്. ജനുവരി 12ന് എടയന്നൂർ ടൗണിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ ചാലോടിലെ ബൈജുവിനു പരുക്കേറ്റതായും ബൈജുവും സിപിഎം പ്രാദേശിക നേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്റെ കൊലപാതകത്തിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. സ്കൂളിലെ സംഘർഷത്തിലും എടയന്നൂർ ടൗണിലെ സംഘർഷത്തിൽ സിഐടിയു പ്രവർത്തകർക്കു പരുക്കേറ്റ സംഭവത്തിലും ഷുഹൈബ് പ്രതിയായിരുന്നു. 

ഗൂഢാലോചനയിലുൾപ്പെട്ട ഉന്നതരെ ഒഴിവാക്കാനും യഥാർഥപ്രതികളെ രക്ഷിക്കാനുമാണു പൊലീസ് ശ്രമിക്കുന്നതെന്നാരോപിച്ചു കോൺഗ്രസ് നേതൃത്വവും ഷുഹൈബിന്റെ ബന്ധുക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.