സർക്കാരിന്റെ നേട്ടങ്ങളുമായി സിപിഎം ഗൃഹ സന്ദർശനത്തിന്

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സിപിഎം നേതാക്കളടക്കം ഗൃഹസന്ദർശന പരിപാടിക്ക്. ഈ മാസം 25, 26, 27 തീയതികളിൽ ബ്രാഞ്ച്‌ തലത്തിൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മുതൽ പാർട്ടി ബ്രാഞ്ച് അംഗങ്ങൾ വരെയുള്ളവർ പങ്കാളികളാകും.

എല്ലാ വീടുകളിലും കയറി ക്ഷേമങ്ങൾ അന്വേഷിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കാനും പ്രവർത്തകർ തയാറാകണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു.

ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ 27നു കോടിയേരി ഗൃഹസന്ദർശനത്തിനു നേതൃത്വം നൽകും.