പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: സഭാപ്രശ്നത്തിനു പരിഹാരം പ്രതീക്ഷയിൽ

കൊച്ചി/ തിരുവനന്തപുരം ∙ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിലൂടെ സഭാപ്രശ്നത്തിനു സമാധാനപരമായ പരിഹാരമുണ്ടാവുമെന്നാണു പ്രതീക്ഷയെന്നു കുര്യാക്കോസ് മാർ തെയോഫിലോസ്, സഭാ സെക്രട്ടറി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ എന്നിവർ പറഞ്ഞു. 2015ൽ ആദ്യ സന്ദർശനത്തിൽ സഭാ സമാധാനത്തിനു ശ്രമം നടത്തുകയും തുടർചർച്ചകൾക്ക് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായുള്ള ചർച്ചകളിലും പരിശുദ്ധ പാത്രിയർക്കീസ് ഇൗ ആവശ്യം ഉന്നയിക്കുമെന്നും അവർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അതിഥിയായാണു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എത്തുന്നത്. നാളെ രാവിലെ എട്ടിനാണു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച. ഇന്നു രാത്രി പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ ബാവായ്ക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്നു മസ്ക്കറ്റ് ഹോട്ടലിലാണു താമസിക്കുക.