യുവനടിയെ ഉപദ്രവിച്ച കേസ്: വിസ്താര തീയതികൾ ഇന്ന് തീരുമാനിച്ചേക്കും

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ സാക്ഷി വിസ്താര തീയതികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു തീരുമാനിച്ചേക്കും. നടൻ ദിലീപ്, സുനിൽകുമാർ (പൾസർസുനി) എന്നിവരടക്കമുള്ള പ്രതികളുടെ വിചാരണയാണു നടക്കേണ്ടത്. 

രണ്ട് അഭിഭാഷകരും കേസിൽ പ്രതികളാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാപ്പുസാക്ഷിയും. കേസുമായി ബന്ധപ്പെട്ടു പ്രതികൾ സമർപ്പിച്ച മുഴുവൻ ഹർജികളും കോടതി ഇന്നു തീർപ്പാക്കുമെന്നാണു സൂചന.  ഇതോടൊപ്പം ആക്രമണത്തിന് ഇരയായ നടി സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയെ നിയോഗിക്കണം, സ്പെഷൽ പ്രോസിക്യൂട്ടർക്കു പുറമെ സ്വകാര്യ അഭിഭാഷകനെ ഹാജരാവാൻ അനുവദിക്കണമെന്ന ഹർജികളാണു നടി സമർപ്പിച്ചത്. 

ഇത്തരം കേസുകൾ എത്രയും വേഗം വിചാരണ പൂർത്തിയാക്കാനാണു മേൽകോടതികളുടെ നിർദേശം. സ്ത്രീകൾക്കു നേരെയുള്ള അതിക്രമ കേസുകളിൽ വിചാരണ വൈകുന്നതു സാക്ഷികൾ സ്വാധീനിക്കപ്പെടാൻ വഴിയൊരുക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം സാക്ഷി വിസ്താരം വേഗത്തിൽ ആരംഭിച്ചു പൂർത്തിയാക്കുകയാണു പതിവ്. ആവശ്യമുണ്ടെങ്കിൽ സാക്ഷികൾക്കു പൊലീസ് സംരക്ഷണം നൽകാനും നിർദേശമുണ്ട്..