മധു വധം: പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

കൊച്ചി ∙ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം അഗളിയിലെ ആദിവാസികൾക്കിടയിൽ പരിഭ്രാന്തിക്കിടയാക്കിയെന്നും അവിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായെന്നും പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 

ആദിവാസികളും അല്ലാത്തവരും തമ്മിൽ ശത്രുത ഉടലെടുത്തു. കേസിന്റെ ഗൗരവവും സാഹചര്യങ്ങളും മാനിച്ച് പ്രതികൾക്കു ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു.  

മധുവിന്റെ ആൾക്കൂട്ടക്കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെട്ട ഹുസൈൻ തുടങ്ങി 16 പേരുടെ ജാമ്യഹർജിയിലാണു തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി  ടി.കെ. സുബ്രഹ്മണ്യന്റെ വിശദീകരണം.