സർക്കാരിന് നേട്ടം പറയാൻ യുഡിഎഫിൽ നിന്ന് കടമെടുക്കേണ്ട അവസ്ഥ: ഉമ്മൻ ചാണ്ടി

കോട്ടയം ∙ രണ്ടാം വർഷത്തിൽ പിണറായി സർക്കാരിനു നേട്ടം പറയാൻ യുഡിഎഫിൽ നിന്നു കടമെടുക്കേണ്ട അവസ്ഥയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് കാലത്ത് നടപ്പാക്കിയ റോഡ് വികസനം ഉൾപ്പെടെയുള്ളവ എൽഡിഎഫിന്റെ ഭരണനേട്ടമായി പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുകയാണ്. മറ്റു നേട്ടങ്ങൾ വെറും പ്രസ്താവനകൾ എന്നല്ലാതെ വസ്തുതാപരമായ കണക്കുകൾ ഇല്ല.

24 മാസംകൊണ്ട് 25 രാഷ്ട്രീയ കൊലപാതകങ്ങൾ. ഇവയിൽ 12 എണ്ണം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരിൽ. കേന്ദ്രം ഭരിക്കുന്നവരുടെയും കേരളം ഭരിക്കുന്നവരുടെയും ആളുകളാണ് ഇതിനു പിന്നിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് നടപ്പാക്കിയ പല വികസന പ്രവർത്തനങ്ങളിലും എൽഡിഎഫ് സർക്കാർ മെല്ലപ്പോക്ക് തുടരുകയാണ്. വീട്ടിലെത്തിക്കുമെന്നു പറഞ്ഞ പെൻഷനുകൾ മുടങ്ങി. വിലക്കയറ്റത്തെക്കുറിച്ചൊന്നും പരസ്യങ്ങളിൽ മിണ്ടുന്നില്ല.

അഞ്ചു വർഷത്തേക്കു കേരളത്തിൽ വിലക്കയറ്റമില്ലെന്നു പ്രഖ്യാപിച്ചാണ് ഇടതു സർക്കാർ അധികാരത്തിലേറിയത്. എന്നാൽ, റേഷൻ വിഹിതം വെട്ടിക്കുറച്ചിട്ടും പ്രതികരിച്ചില്ല. ഇന്ധനവില വർധനയുടെ കാലത്ത് യുഡിഎഫ് സർക്കാർ ആറു തവണ അധിക നികുതി വേണ്ടെന്നു വച്ചിരുന്നു. എന്നാൽ അതിനു പോലും സർക്കാർ തയാറാകുന്നില്ലെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെയും ഒപ്പം പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും. കേരള കോൺഗ്രസ് യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്. അയ്യപ്പസേവാ സംഘത്തെ ആർഎസ്‌എസുമായി ബന്ധപ്പെടുത്തിയ സിപിഎം വലിയ വില കൊടുക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.