കണ്ണടയും പല്ലുകളും ഹൈലൈറ്റ് ചെയ്തു മുഖം മിനുക്കി നായനാർ പ്രതിമ

കണ്ണൂർ∙ വിവാദങ്ങൾക്കൊടുവിൽ മുഖം മിനുക്കി നായനാർ പ്രതിമ. കണ്ണട, പല്ലുകൾ എന്നിവ ഹൈലൈറ്റ് ചെയ്ത് നായനാർ അക്കാദമിയിലെ നായനാർ പ്രതിമയുടെ മുഖം മിനുക്കൽ പൂർത്തിയാക്കി. പീഠത്തിന്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു. പ്രതിമയ്ക്കു നായനാരുടെ മുഖഛായയില്ലെന്നു പരക്കെ പരാതികളുയർന്നതിന്റെ അടിസ്ഥാനത്തിലാണു ശിൽപി തോമസ് ജോൺ കോവൂർ എത്തി മുഖം മിനുക്കൽ നടത്തിയത്.

പ്രതിമ സ്ഥാപിച്ച പീഠത്തിന് ഉയരം കൂടുതലായതിനാലും കൃത്യമായി വെളിച്ചം ലഭിക്കാത്തതിനാലും മുഖം വ്യക്തമായിരുന്നില്ല. ഇതാണു മുഖഛായയില്ലെന്ന തോന്നലിനു കാരണമെന്നു തോമസ് ജോൺ കോവൂരും പ്രതിമ നിർമാണത്തിനു നേതൃത്വം നൽകിയ കെ.കെ.രാഗേഷ് എംപിയും പറഞ്ഞു. ക്രെയിൻ ഉപയോഗിച്ചു പ്രതിമ താഴെയിറക്കിയ ശേഷം പീഠം പൊളിച്ച് 11 അടി ഉയരം ഏഴടിയായി കുറച്ചു.

മുഖത്തേക്കു സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ പ്രതിമയുടെ ദിശ മാറ്റുന്ന കാര്യം ആലോചിച്ചെങ്കിലും സ്പോട് ലൈറ്റ് വയ്ക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഉദ്ദേശിച്ച തരത്തിലുള്ള സ്പോട് ലൈറ്റ് ലഭ്യമാകാൻ മൂന്നുദിവസത്തെ താമസമുണ്ട്. പീഠത്തിന്റെ ബോർഡർ ജോലികളും ബാക്കിയുണ്ട്.