വിജയം സർക്കാരിന്റേത്: സജി ചെറിയാൻ

എനിക്ക് എല്ലാവരും വോട്ട് ചെയ്തു. വ്യാജ പ്രചാരണങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളും ജനം തള്ളി. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങളോടും വിവിധ സമുദായ സംഘടനകളോടും വലിയ കടപ്പാടുണ്ട്. അതിൽ രാഷ്ട്രീയമില്ല. യുഡിഎഫ് അണികളും എനിക്കു വോട്ട് ചെയ്തിട്ടുണ്ട്. അത് അഡ്ജസ്റ്റ്മെന്റല്ല. ഓരോ എൽഡിഎഫ് പ്രവർത്തകനും ഓരോ സ്ഥാനാർഥിയെപ്പോലെ അധ്വാനിച്ചു. അവരോടും കടപ്പാടുണ്ട്.

ഇതു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണെന്നും രാഷ്ട്രീയ വിഷയങ്ങളാണു ചർച്ചയാകുന്നതെന്നും നേരത്തേ പറഞ്ഞിരുന്നു. ഈ ജയത്തിന്റെ ക്രെഡിറ്റ് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും അവകാശപ്പെട്ടതാണ്. കെ. കെ. രാമചന്ദ്രൻ നായരുടെ മാതൃക പിന്തുടരും. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കും. ചെങ്ങന്നൂരിന്റെ പ്രശ്നങ്ങളും സാധ്യതകളും എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്യും. അക്കാര്യത്തിൽ രാഷ്ട്രീയമില്ല.

എന്നെ ‘ആർഎസ്എസ്സുകാരനാക്കി’: ‌ ഡി.വിജയകുമാർ 

സമുദായ ധ്രുവീകരണമുണ്ടായതും വികസനത്തിന് എൽഡിഎഫ് ജയിക്കണമെന്ന പ്രചാരണവുമാണ് എതിരായത്. കള്ളപ്രചാരണങ്ങൾ വഴി യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ ഏറെ നഷ്ടപ്പെട്ടു. അല്ലാതെ എൽഡിഎഫിനു ചെങ്ങന്നൂരിൽ ഇത്രയും വോട്ടില്ല. വിവിധ സമുദായങ്ങളെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ടു. എഴുനൂറു കോടി രൂപയുടെ വികസനമെന്നു തെറ്റായി പ്രചരിപ്പിച്ചു. മന്ത്രിമാർ ഉൾപ്പെടെയെത്തി പലർക്കും പല വാഗ്ദാനങ്ങളും നൽകി. ഞാൻ ആർഎസ്എസുകാരനാണെന്നു പറഞ്ഞുപരത്തി.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ സിപിഎമ്മിനേ കഴിയൂ എന്നും പ്രചരിപ്പിച്ചു. ഇതിനെയൊന്നും ഫലപ്രദമായി തടയാൻ കഴിഞ്ഞില്ല. തന്ത്രങ്ങൾ മെനയുന്നതിൽ പരാജയമുണ്ടായി. അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല. പ്രതികൂല സാഹചര്യത്തിലും യുഡിഎഫിനു കുറച്ചെങ്കിലും വോട്ട് കൂടി. ബിജെപിയുടെ വോട്ട് കുറഞ്ഞു. പരമ്പരാഗത വോട്ടുകൾ കൂടി കിട്ടിയെങ്കിൽ ജയിച്ചേനെ. ഒപ്പം നിന്ന പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി.

വോട്ട് കുറഞ്ഞത് അന്വേഷിക്കും: പി.എസ്.ശ്രീധരൻ പിള്ള 

വോട്ട് കുറഞ്ഞതിനെക്കുറിച്ചു സംഘടനാതലത്തിൽ വിശകലനം ചെയ്യും. സ്ഥാനാർഥിയെന്നനിലയിൽ പരാതിയോ പരിഭവങ്ങളോ ഇല്ല. സംഘടനാതലത്തിൽ കോൺഗ്രസ് ദുർബലമാണെന്നത് ഉറപ്പിക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. അക്കാര്യം കോൺഗ്രസ് സ്ഥാനാർഥിതന്നെ സമ്മതിച്ചതാണ്. അതിനാൽ ഇനി ഞങ്ങളുടെ പോർമുഖം എൽഡിഎഫുമായി നേർക്കുനേരേയാണ്.

ബിജെപിക്കു മേൽക്കൈയുണ്ടായിരുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണകക്ഷിയായിരുന്നു. ഇപ്പോൾ കോൺഗ്രസ്, സിപിഎം, കേരള കോൺഗ്രസ് സംയുക്ത ഭരണമാണ്. അതാണ് ഇത്തവണ നേരിയതോതിൽ പ്രതിഫലിച്ചത്. എന്നിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ഇടതുപക്ഷത്തിനായില്ല. എസ്എൻഡിപി യോഗത്തിന് അവരുടേതായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അതൊക്കെ എ‍ൻഡിഎ സ്ഥാനാർഥിയെ ബാധിച്ചിട്ടുണ്ട്. പക്ഷേ, അതിനെ കുറ്റപ്പെടുത്തുന്നില്ല.