അട്ടപ്പാടിയിലെ മധു വധം: പ്രതികൾക്ക് ജാമ്യം

കൊച്ചി ∙ ആദിവാസി യുവാവ് മധു ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ കേസിൽ പ്രതികൾക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. മധുവിന്റെ കൊലപാതക പശ്ചാത്തലത്തിൽ അഗളിയിൽ എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസിനതു ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നു കോടതി അഭിപ്രായപ്പെട്ടു.

പ്രതികൾ സംസ്ഥാനം വിട്ടുപോകരുതെന്നും വിചാരണ ആവശ്യത്തിനല്ലാതെ മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. സാക്ഷികളുമായി നേരിട്ടോ ഫോണിലോ ആശയവിനിമയം പാടില്ല. പാസ്പോർട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്യണം. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നും നിർദേശിച്ചു.

കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികളായ ഹുസൈൻ, ഷംസുദ്ദീൻ, അബൂബക്കർ തുടങ്ങി 16 പേരുടെ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. മധുവിനെ ഇല്ലായ്മ ചെയ്യുകയെന്ന പൊതുലക്ഷ്യത്തിൽ പ്രതികൾ നിയമവിരുദ്ധമായി സംഘം ചേർന്നു കൊല നടത്തിയതാണോ, ഓരോരുത്തർക്കും പങ്കുണ്ടോ എന്നെല്ലാം വിചാരണയിൽ തീരുമാനിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി.

കൊലപാതകത്തിനു ശേഷം അഗളിയിൽ ആദിവാസികളും അല്ലാത്തവരും തമ്മിൽ ശത്രുതയായെന്നും ക്രമസമാധാന പ്രശ്ന സാധ്യതയുണ്ടെന്നും, ജാമ്യഹർജിയെ എതിർത്ത് പൊലീസ് വാദമുന്നയിച്ചിരുന്നു. എന്നാൽ സംഭവശേഷം ഇതുവരെ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.