ചെങ്ങന്നൂരിൽ കലങ്ങി കോൺഗ്രസ് രാഷ്ട്രീയം; പിഴ മൂളി നേതാക്കൾ

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’ എന്ന് ഏറ്റുപറഞ്ഞു കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. യുവാക്കളുടെയും വിദ്യാർഥി നേതാക്കളുടെയും രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ പാർട്ടി ഔദ്യോഗിക പത്രത്തിന്റെ അധിക്ഷേവും കൂടി വന്നതോടെയാണു മുതിർന്ന നേതാക്കൾ പ്രതിരോധത്തിലായത്.

എഐസിസി നിയുക്ത ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ എന്നിവരാണു കെപിസിസി ആസ്ഥാനത്തു നടന്ന കെഎസ്‌യു ജന്മദിന സംഗമത്തിൽ പിഴ മൂളിയത്. സാധാരണ തിരഞ്ഞെടുപ്പു തോൽവികളെ കണക്കുകൾ കൊണ്ടു വിജയമാക്കി മാറ്റുന്ന പതിവു തന്ത്രം കോൺഗ്രസ് നേതാക്കൾ ഉപേക്ഷിച്ചതു ശ്രദ്ധേയമായി. തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനൊപ്പം ഇക്കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നു സൂചിപ്പിക്കാനും നേതാക്കൾ മറന്നില്ല.

പരസ്പരം കുറ്റപ്പെടുത്തിയാൽ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ. പാർട്ടിയിലെ യുവനിര ഉയർത്തുന്ന വിമർശനം കണ്ടില്ലെന്നു നടിക്കുന്നതു തിരിച്ചടിക്കുമെന്ന ചിന്തയും ഈ നീക്കത്തിനു പിന്നിലുണ്ട്.

ഗ്രൂപ്പിസമാണു കേരളത്തിൽ കോൺഗ്രസിന്റെ ദുരവസ്ഥയ്ക്കു കാരണമെന്ന ചില നേതാക്കളുടെ കണ്ടെത്തലിനെ പാടേ നിഷേധിച്ചും ഗ്രൂപ്പിന്റെ പേരിൽ അണ്ടനും മൊശകോടനുമെല്ലാം നേതാക്കളാകുന്നതാണു പ്രശ്നത്തിന്റെ മൂലകാരണമെന്നും വീക്ഷണം മുഖപ്രസംഗത്തിലൂടെ തുറന്നടിച്ചതു കോൺഗ്രസ് നേതാക്കളെയും അണികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ആരുടെ അനുഗ്രഹാശിസുകളോടെയാണു പാർട്ടി മുഖപത്രം ഈ അധിക്ഷേപം ചൊരിഞ്ഞതെന്ന് ഇപ്പോഴും വ്യക്തമല്ല.

കേരളത്തിലെ പാർട്ടി സംഘടനാ നേതൃത്വം അഴിച്ചു പണിയാനുള്ള എഐസിസി നീക്കത്തിനു ചെങ്ങന്നൂരിലെ കനത്ത തോൽവി ആക്കം കൂട്ടും. ബുധനാഴ്ചയാണ് ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. ഇതോടനുബന്ധിച്ച് എം.എം.ഹസൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്. മറ്റു പല നേതാക്കളും ഈ ദിവസങ്ങളിൽ ഡൽഹിക്കു പോകുന്നുണ്ട്. പുതിയ കെപിസിസി അധ്യക്ഷൻ, രാജ്യസഭാ സ്ഥാനാർഥി എന്നിവർ ആരായിരിക്കണമെന്നതു ഡൽഹി ചർച്ചകളിൽ പ്രധാന വിഷയമാകും.