കോൺഗ്രസ് തോൽക്കുന്നത് അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതുകൊണ്ടെന്ന് ‘വീക്ഷണം’

തിരുവനന്തപുരം∙ ഗ്രൂപ്പിസം കൊണ്ടല്ല കോൺഗ്രസ് തോൽക്കുന്നതും ക്ഷീണിക്കുന്നതുമെന്നും ഗ്രൂപ്പിന്റെ പേരിൽ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതു കൊണ്ടാണെന്നും കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ പശ്ചാത്തലത്തിലാണു പാർട്ടി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി അധിക്ഷേപിച്ചു പത്രം മുഖപ്രസംഗമെഴുതിയത്.

പാർട്ടിയിലെ പുന:സംഘടന എത്തിനിൽക്കുന്നതു രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. പാർട്ടിയിൽ ഗ്രൂപ്പ് വേണ്ട എന്നു പറയുന്നതു കയ്യടി നേടാനുള്ള വികലമായ അഭിപ്രായമാണ്. ജനാധിപത്യമെന്നതു ബഹുസ്വരതയാണ്. വ്യത്യസ്ത ശബ്ദങ്ങളുടെ കൂട്ടായ്മയാണു വലിയ കോറസായി തീരുന്നത്. നേതാക്കളെത്തുമ്പോൾ വെൺമയും ഇസ്തിരിവടിവും മായാത്ത വസ്ത്രങ്ങളണിഞ്ഞു മുഖം കാണിച്ചും ചെവി തിന്നും പെട്ടിപേറിയും നടക്കുന്നവർ പാർട്ടിയിലെ പതിരും കളകളുമാണ്. ഈ കള പറിച്ചും പതിരു കളഞ്ഞും മാത്രമേ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കാനാവൂ.

ചിന്തയിലും പ്രവർത്തനത്തിലും വന്ധ്യതയും ആന്ധ്യവും ബാധിച്ച ജൈവശേഷിയില്ലാത്ത പ്രസ്ഥാനമായി കേരളത്തിലെ കോൺഗ്രസ് മാറരുത്. നേതാക്കൾക്കു ഛത്രവും ചാമരവും വീശുന്നവരുടെ തള്ളലാണു പാർട്ടിയുടെ മുൻനിരയിൽ. ബൂത്തുതലം മുതൽ കർമശേഷിയുള്ള നേതാക്കളെയും അണികളെയും കണ്ടെത്താത്തിടത്തോളം കേരളത്തിലെ കോൺഗ്രസിനു ശ്രേയസുണ്ടാവില്ല.

മത, സമുദായ നേതാക്കളുടെ കരം ചുംബിക്കുന്നതും കാലിൽ നമിക്കുന്നതും കോൺഗ്രസിനു വേണ്ടിയാവരുത്. വിശ്വാസികളുടെയും അവിശ്വാസികളുടെയും താൽപര്യം സംരക്ഷിക്കുന്ന കോൺഗ്രസ് മർക്കസുകളിലും മഠങ്ങളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണം. 2119ലേക്ക് ഇനി അധികദൂരമില്ല. പാർട്ടിയെയും മുന്നണിയെയും കായചികിൽസ നടത്തി രണോന്മുഖമാക്കാനുള്ള ദൗത്യം എഐസിസി ഏറ്റെടുത്തേ മതിയാകൂ എന്നു വീക്ഷണം നിർദേശിക്കുന്നു.