ആന്ധ്രയിൽ മുതി‍ർന്ന നേതാക്കൾ ബിജെപിയിലേക്ക്? ഉമ്മൻ ചാണ്ടിക്ക് ആദ്യ വെല്ലുവിളി

ന്യൂഡൽഹി∙ പഴയ പ്രതാപത്തിലേക്കു കോൺഗ്രസിനെ എത്തിക്കുകയെന്ന ദൗത്യവുമായി ഉമ്മൻ ചാണ്ടി ആന്ധ്രപ്രദേശിലെത്തുമ്പോൾ, അപ്രതീക്ഷിത വെല്ലുവിളി മുന്നിൽവച്ചു ബിജെപി. ആന്ധ്രയിലെ മുതിർന്ന ഇരുപതിലേറെ കോൺഗ്രസ് നേതാക്കൾ, സമീപഭാവയിൽ ബിജെപിയിലെത്തുമെന്നാണു ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന സൂചന. 

2014ൽ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തി സംസ്ഥാന അധ്യക്ഷനായ കന്ന ലക്ഷ്മിനാരായണയാണ് കോൺഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുന്നതിന്റെയും കാർമികൻ. ഇവരുടെ പാർട്ടി പ്രവേശനത്തിന് ഉചിതമായ സമയം ഏതാവണമെന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ തീരുമാനമെടുക്കുമെന്നു ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

2014ൽ ടിഡിപിയുമായി ചേർന്നുണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പുഫലത്തിൽ ഗുണം ചെയ്തെങ്കിലും പാർട്ടിക്കു നേട്ടമായില്ലെന്ന വിലയിരുത്തലിലാണു ബിജെപി. 2019ൽ ഇതു മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രാദേശിക സ്വാധീനമുള്ള നേതാക്കളെ പാർട്ടിയിൽ എത്തിക്കുന്നത്. 

ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവും ബിജെപി പയറ്റുന്നു. ബിജെപിക്കു താരതമ്യേന ശക്തി കുറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രയോഗിച്ച അടവാണ് ഇവിടെയും പുറത്തെടുക്കുന്നത്. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു. 

കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്.