തിയറ്റർ പീഡനം: സാക്ഷികളുടെ രഹസ്യമൊഴിയെടുപ്പ് ഇന്ന്

മലപ്പുറം∙ എടപ്പാൾ തിയറ്റർ പീഡനക്കേസിൽ തിയറ്റർ ഉടമയും ചൈൽഡ്‌ലൈൻ പ്രവർത്തകനുമടക്കം നാലു സാക്ഷികൾ ഇന്നു പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകും. തിയറ്റർ ഉടമ, മാനേജർ, ജീവനക്കാരൻ, ചൈൽഡ്‌‌ലൈനിനെ സഹായിച്ച കൗൺസലർ എന്നിവരാണു മൊഴി നൽകുക. കേസിന്റെ അന്വേഷണച്ചുമതല കൈമാറിയുള്ള ഡിജിപിയുടെ ഉത്തരവ് ഇന്നലെ ഉച്ചയോടെ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.സി.ഹരിദാസ് അന്വേഷണം ഏറ്റെടുത്തു. കേസ് കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്തുന്നതു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. കഴിഞ്ഞ ദിവസം എസ്ഐ: കെ.ജി.ബേബിയെ അറസ്റ്റ് ചെയ്തതും അദ്ദേഹമാണ്. തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയും പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമാണു കേസിലെ പ്രതികൾ.

മതിയായ നിയമോപദേശം തേടാതെ, ചൈൽഡ്‌ലൈൻ പ്രവർത്തകരെയും തിയറ്റർ ഉടമയെയും പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിലും തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിലുമുള്ള അതൃപ്തി ഡിജിപി, ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. തിയറ്റർ ഉടമയ്ക്കു ജില്ലാ പൊലീസ് ഓഫിസിലും തിരൂർ ഡിവൈഎസ്പി ഓഫിസിലും പലതവണ കയറിയിറങ്ങേണ്ടിവന്നിരുന്നു.

കേസ് പുറത്തുകൊണ്ടുവരാൻ ഇടപെട്ട കൂടുതൽ പേരെ കേസ് നടപടികളിൽ ഉൾപ്പെടുത്തുമെന്നു സൂചനയുണ്ട്. തിയറ്റർ ഉടമയ്ക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.