പി.ജെ. കുര്യനെ എന്നും പിന്തുണച്ചിട്ടേയുള്ളൂ: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പി.ജെ. കുര്യനെ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും താൻ പിന്തുണച്ചിട്ടേയുള്ളൂവെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള കോൺഗ്രസിന് അവകാശവാദം ഉന്നയിക്കാവുന്ന രാജ്യസഭാ സീറ്റ് 2004ൽ കുര്യനു വാങ്ങിക്കൊടുക്കാൻ താൻ മുൻകയ്യെടുത്തിട്ടുണ്ടെന്നും കുര്യന്റെ ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ കുര്യൻ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. വി.വി. രാഘവൻ അന്തരിച്ചപ്പോൾ വന്ന ഒഴിവിലാണ് ആദ്യമായി അദ്ദേഹം രാജ്യസഭയിലേക്കു പോകുന്നത്. കേരള കോൺഗ്രസും ഈ സീറ്റ് ചോദിച്ചപ്പോൾ അടുത്ത ഊഴമെന്നു പറഞ്ഞു കുര്യനു സീറ്റ് നൽകിയതു താനടക്കം ചേർന്നാണ്. 2012ൽ മാറിനിന്നുകൂടേയെന്ന് കുര്യനോടു തന്നെ ചോദിച്ചു. മലബാറിൽനിന്ന് ഒരാൾക്കു സീറ്റ് നൽകണമെന്ന താൽപര്യത്തിൽ എൻ.പി. മൊയ്തീന്റെ പേരാണു നിർദേശിച്ചത്. എന്നാൽ നേതൃത്വത്തോടു ചോദിച്ചപ്പോൾ കുര്യന്റെ പേര് കൂടി നിർദേശിക്കാൻ ആവശ്യപ്പെട്ടു. അന്നു മുഖ്യമന്ത്രിയായിരുന്ന താൻ അങ്ങനെ കുര്യന്റെ പേരു നൽകുകയും അക്കാര്യം നേരിട്ടു പറയുകയും ചെയ്തു. മറ്റെന്തൊക്കെ സഹായം അദ്ദേഹത്തിനു ചെയ്തുവെന്ന് ഇപ്പോൾ പറയുന്നില്ല. 1980ൽ ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ മുതൽ താൻ കൂടെയുണ്ട്.

കുര്യനെതിരെ ആരോടും പരാതി പറഞ്ഞിട്ടില്ല. പറയണമെങ്കിൽ കോൺഗ്രസ് പ്രസിഡന്റിനോടാണു പറയേണ്ടത്. അദ്ദേഹത്തോടു തന്നെ നേരിട്ടു ചോദിച്ച് കുര്യന് മനസിലാക്കാം. കുര്യനോടു വ്യക്തിപരമായി ഒരു വൈരാഗ്യവുമില്ല. ബഹുമാനവും ആദരവുമേയുള്ളൂ – ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇപ്പോഴത്തെ സീറ്റ് കീഴ്‌വഴക്കമനുസരിച്ച് കോൺഗ്രസിനു ലഭിക്കേണ്ടിയിരുന്നതാണ് എന്നതു ശരിയാണ്. ഒരു തവണത്തേക്കു പ്രത്യേക കേസായി പരിഗണിച്ചുള്ള തീരുമാനമാണ് എടുത്തത്. അടുത്ത പ്രാവശ്യം രണ്ടു സീറ്റ് ഒഴിവ് വരുമ്പോൾ അതിൽ കേരള കോൺഗ്രസിനു ലഭിക്കേണ്ടതു കൂടി കോൺഗ്രസിന് എടുക്കാം. അവർക്കു കൊടുക്കേണ്ട സീറ്റ് കുറച്ചു നേരത്തേ നൽകിയെന്നു മാത്രം. കർണാടകയിൽ എന്തു ത്യാഗം സഹിച്ചാണു ജനതാദളിനു മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് കൈമാറിയതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തലയും എം.എം. ഹസനും താനും മാത്രം ചേ‍ർന്നെടുത്ത തീരുമാനമെന്ന വിമർശനത്തിൽ കഴമ്പില്ല. മുമ്പ് എം.പി. വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചതും ഇങ്ങനെയാണ്. ഇത്തവണ തങ്ങൾ ഡൽഹിയിൽ എത്തിയ ശേഷമാണു ചർച്ചയുടെ ഗതി മാറുന്നത്. ഈ തീരുമാനം എടുത്തതു കോൺഗ്രസ് സംസ്ഥാന നേതൃത്വമാണ്. ഹൈക്കമാൻഡ് അനുവാദം നൽകുക മാത്രമായിരുന്നു. അഞ്ചാം മന്ത്രി വിവാദം പോലെയാകാമെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോൾ, അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിലെല്ലാം അന്നു യുഡിഎഫ് അല്ലേ ജയിച്ചതെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. പ്രതിഷേധങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഫെയ്സ്ബുക് ഉള്ളതുകൊണ്ട് അതുണ്ടാകും’ എന്നായിരുന്നു പ്രതികരണം.