ഡി സിനിമാസിനായി ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട്

തൃശൂർ ∙ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്പോക്കു ഭൂമി കയ്യേറി നിർമിച്ചതാണെന്ന പരാതി ജില്ലാ ഭരണകൂടം തള്ളി. കലക്ടറേറ്റ് എൽആർ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്കു ശേഷമാണു മുൻ കലക്ടർ ‍ഡോ. എ.കൗശിഗന്റെ റിപ്പോർട്ട്. ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ് സർവേ നമ്പർ 680/1, 681/1 എന്നിവയിൽപ്പെട്ട ഭൂമി ദിലീപ് കയ്യേറിയെന്നായിരുന്നു കെ.സി.സന്തോഷിന്റെ പരാതി. ഈ സർവേ നമ്പറുകളിൽപ്പെട്ട ഭൂമി ജന്മാവകാശം സിദ്ധിച്ച ഭൂമിയായാണു രേഖകളിൽ. ഇതിൽ സർവേ 680/1 വലിയ തമ്പുരാൻ കോവിലകം എന്ന പേരിൽ ജന്മാവകാശം ഉണ്ടായിരുന്നതാണ്. ഈ ഭൂമി ഇപ്പോഴും രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന നിഗമനത്തിലായിരുന്നു പരാതി. എന്നാൽ ഭൂമി ഇപ്പോഴും രാജകുടുംബത്തിന്റേതാണെന്നു തെളിയിക്കാൻ കഴിയുന്ന രേഖകൾ അന്വേഷണത്തിൽ ലഭ്യമായില്ലെന്നു കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരനോ മറ്റു കക്ഷികളോ ഈ രേഖകൾ ഹാജരാക്കിയിട്ടില്ല. രാജകുടുംബത്തിന്റെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് അധികാരപ്പെടുത്തിയ തൃപ്പൂണിത്തുറയിലെ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് മേൽപ്പറഞ്ഞ സർവേകളിൽ ഭൂസ്വത്തുക്കൾ ഇല്ലെന്നും വ്യക്തമാക്കി. ജില്ലാ സർവേ സൂപ്രണ്ട് ഓഫിസ്, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫിസ്, ലാൻഡ് ട്രൈബ്യൂണൽ, തൃശൂർ നാഷനൽ ഹൈവേ ഡപ്യൂട്ടി കലക്ടർ ഓഫിസ്, പുരാരേഖാ വകുപ്പ്, തൃപ്പൂണിത്തുറ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് ഓഫിസുകളിൽ നിന്നുള്ള രേഖകളാണു പരിശോധിച്ചത്.