യാത്രാസമയം കൂട്ടി കൃത്യനിഷ്ഠ: ദക്ഷിണ റെയിൽവേക്കെതിരെ വ്യാപക പ്രതിഷേധം

കൊച്ചി ∙ ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ സമയം മാറ്റിയുള്ള ദക്ഷിണ റെയിൽവേയുടെ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. മറ്റു സോണുകൾ കൃത്യനിഷ്ഠ നടപ്പാക്കാൻ ഒട്ടേറെ നടപടി സ്വീകരിച്ചപ്പോൾ ദക്ഷിണ റെയിൽവേ മാത്രമാണു യാത്രാ സമയം കൂട്ടി ട്രെയിനുകളുടെ കൃത്യനിഷ്ഠ 80 ശതമാനമാക്കാൻ ശ്രമിച്ചത്. കൊച്ചുവേളി െബംഗളൂരു ട്രെയിനിനു കേരളത്തിലേക്കു വരുമ്പോൾ കൊല്ലത്തിനും കൊച്ചുവേളിക്കുമിടയിൽ സഞ്ചരിക്കാൻ രണ്ടു മണിക്കൂറും ബെംഗളൂരുവിലേക്കു പോകുമ്പോൾ ഇതേദൂരം സഞ്ചരിക്കാൻ 50 മിനിറ്റുമാണു നൽകിയിരിക്കുന്നത്. പാസഞ്ചർ ട്രെയിൻ പോലും ഇതിലും നേരത്തേ കൊച്ചുവേളിയിലെത്തുമെന്നു യാത്രക്കാർ പറയുന്നു. രാവിലെ ഒൻപതിനു കൊച്ചുവേളിയിൽ എത്തിയിരുന്ന ട്രെയിന്റെ പുതിയ സമയം 9.35 ആണ്.

മധ്യ റെയിൽവേ കോച്ചുകളുടെ എണ്ണം ഏകീകരിച്ചാണു സമയനിഷ്ഠ ഉറപ്പാക്കുന്നത്. മിക്ക ട്രെയിനുകളിലേയും കോച്ചുകളുടെ എണ്ണം 22 ആക്കിയതിലൂടെ ഏതെങ്കിലും ട്രെയിൻ വൈകി എത്തിയാൽ അതേ കോച്ചുകളുപയോഗിച്ചുളള അടുത്ത സർവീസ് വൈകാതിരിക്കാൻ നേരത്തേ എത്തിയ മറ്റൊരു ട്രെയിനിന്റെ കോച്ചുകൾ ആ റൂട്ടിൽ ഓടിക്കും. കൃത്യനിഷ്ഠ ഏറ്റവും മോശമായ ഉത്തര റെയിൽവേയിൽ വൈകിയോടുന്ന ട്രെയിനുകൾ എല്ലാ സ്റ്റേഷനിലും മോണിറ്റർ ചെയ്യാൻ സ്റ്റേഷൻ ഡയറക്ടർമാർക്ക് സോൺ നിർദേശം നൽകി കഴിഞ്ഞു. എൻജീനിയറിങ് ജോലികളുടെ ഭാഗമായി മുൻപ് ഏർപ്പെടുത്തിയ എല്ലാ വേഗനിയന്ത്രണങ്ങളും പുനഃപരിശോധിച്ചു കഴിയുന്നത്ര നിയന്ത്രണം പിൻവലിക്കാനും നടപടിയായി. അനുവദിച്ചിട്ടുളള പരമാവധി വേഗതയിൽ ട്രെയിനോടിക്കാൻ ലോക്കോ പൈലറ്റുമാരെ ഈ നടപടി സഹായിക്കും.

മേയ് 18നു നടന്ന അവലോകന യോഗത്തിൽ കൃത്യനിഷ്ഠ ഏറ്റവും മോശമായ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 10 ഡിവിഷനുകളിലെ ഡിവിഷനൽ റെയിൽവേ മാനേജർമാരോടു റെയിൽവേ ബോർ‍ഡ് ചെയർമാൻ അശ്വനി ലൊഹാനി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണിക്കായി ബ്ലോക്ക് എടുക്കുമ്പോൾ ചെയ്തു തീർക്കാവുന്ന എല്ലാ പണികളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു പ്രധാന നിർദേശം. ട്രെയിൻ വൈകുന്നതൊഴിവാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ട്രെയിനുകൾ വൈകിയാൽ സോണൽ ജനറൽ മാനേജർമാർക്കെതിരെ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം മേലുദ്യോഗസ്ഥനെ രക്ഷിക്കാനാണു സമയമാറ്റത്തിലൂടെ ദക്ഷിണ റെയിൽവേ ശ്രമിച്ചതെന്നാണ് പ്രധാന ആക്ഷേപം. സമയം മാറ്റിയെങ്കിലും സംസ്ഥാനത്ത് ഇന്നലെയും ട്രെയിനുകൾ വൈകി.