ഉസ്മാനെ കുടുക്കിയ ജാഗ്രത മർദിച്ച പൊലീസിനെതിരെ ഉണ്ടായില്ല: ഉമ്മൻ‍ ചാണ്ടി

ആലുവ ∙ എടത്തലയിൽ പൊലീസ് മർദനമേറ്റ ഉസ്മാനെ റിമാൻഡ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സർക്കാർ കാണിച്ച ജാഗ്രത ഉസ്മാനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഉണ്ടായില്ലെന്ന് ഉമ്മൻ‍ ചാണ്ടി എംഎൽഎ. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഉസ്മാനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉസ്മാനെ മർദിച്ച മൂന്നു പൊലീസുകാരുടെ പേരിൽ കേസെടുത്തതല്ലാതെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. സസ്പെൻഡ് ചെയ്തിട്ടില്ല. സസ്പെൻഷനിൽ കഴിയുന്ന മറ്റൊരു പൊലീസുകാരനും കാറിൽ ഉണ്ടായിരുന്നു. അയാളുടെ പേരു പുറത്തുവന്നിട്ടും പ്രതിയാക്കിയിട്ടില്ല. ജനങ്ങൾക്കു വളരെ വ്യക്തമായി അറിയാവുന്ന യാഥാർഥ്യങ്ങൾ പോലും പൊലീസ് മറച്ചുവയ്ക്കുന്നു. നീതിപൂർവമായ അന്വേഷണം നടക്കില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു ജനങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

ഉസ്മാനു നീതി ലഭ്യമാക്കാൻ യുഡിഎഫ് മുന്നോട്ടുവരും. ക്രൂരമർദനമാണ് ഉസ്മാന് ഏൽക്കേണ്ടിവന്നത്. മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിൽ ദിവസങ്ങളോളം ചികിൽസിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നു പറയുമ്പോൾ മർദനത്തിന്റെ ക്രൂരത മനസ്സിലാകും. ഉസ്മാനെ പൊലീസ് മർദിച്ചതാണെന്നും വീഴ്ച പറ്റിയെന്നും സർക്കാർ സമ്മതിച്ചിട്ടും ചികിൽസാ ചെലവു നൽകാത്തതു കടുത്ത അവഗണനയാണ്’–ഉമ്മൻ ചാണ്ടി പറഞ്ഞു.

അൻവർ സാദത്ത് എംഎൽഎയും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. ഉസ്മാനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10നു റൂറൽ എസ്പി ഓഫിസ് മാർച്ച് നടത്തും. മുനിസിപ്പൽ ടൗൺ ഹാളിനു മുൻപിലെ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിക്കുന്ന പ്രകടനം കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും.