കുമ്മനത്തിന്റെ സ്ഥാനമാറ്റം: സമയം തെറ്റിയെന്ന് പ്രതിനിധികൾ

കുമ്മനം രാജശേഖരൻ

തൃശൂർ ∙ സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാൻ വൈകുന്നതു ബിജെപി കോർ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്തില്ല. കുമ്മനം രാജശേഖരനെ ബിജെപി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയ സമയം തെറ്റിപ്പോയെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ നാലു പ്രതിനിധികൾ ചൂണ്ടിക്കാട്ടിയെങ്കിലും ഇതേക്കുറിച്ചു പരാമർശിക്കുകപോലും ചെയ്യാതെ അജൻഡ പൂർത്തിയാക്കി. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് നിയമനം ചർച്ച ചെയ്തതേയില്ല. 

കേന്ദ്ര സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ മാത്രമായിരുന്നു രണ്ടു യോഗത്തിന്റെയും അജൻഡയിൽ. പ്രസിഡന്റ് നിയമനം അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. 

ഒ.രാജഗോപാൽ എംഎൽഎ, ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ്, ദേശീയ സെക്രട്ടറി എച്ച്.രാജ, നളിൻ കുമാർ കട്ടീൽ എംപി, വി.മുരളീധരൻ എംപി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറിമാരായ എം.ഗണേശ്, കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.