കോച്ച് ഫാക്ടറി ഉപേക്ഷിച്ചില്ലെന്നു മന്ത്രി; മൂന്നു വർഷം കഴിഞ്ഞെന്നു ബോർഡ്

ന്യൂഡൽഹി∙ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ചു കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലും റെയിൽവേ ബോർഡ് ഉന്നതരും ഒരേദിവസം പറഞ്ഞതു വ്യത്യസ്ത കാര്യങ്ങൾ. ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നു മന്ത്രി പറയുമ്പോൾ നിലവിൽ കഞ്ചിക്കോട് ഫാക്ടറിയുടെ ആവശ്യം ഇല്ലെന്നാണു ബോർഡ് പറയുന്നത്. മൂന്നു വർഷത്തിനു ശേഷം പദ്ധതിയെക്കുറിച്ച് ആലോചിക്കാമെന്നാണു ബോർഡിന്റെ നിലപാട്.

കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി ഉപേക്ഷിച്ചോ എന്ന ചോദ്യത്തിനു മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ‘ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.’ റെയിൽവേക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാൻ നിലവിലുള്ള കോച്ച് ഫാക്ടറികൾ പര്യാപ്തമാണെന്നും പുതിയ ഫാക്ടറികൾ ആവശ്യമില്ലെന്നുമുള്ള നിലപാടിനെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാ വശങ്ങളും പരിശോധിച്ചു കഞ്ചിക്കോട്ടെ ഫാക്ടറി യാഥാർഥ്യമാക്കുമെന്നു മന്ത്രി വ്യക്തമാക്കി.

അതേസമയം, എംപിമാരും റെയിൽവേ ബോർഡ് അംഗങ്ങളും പങ്കെടുത്ത റെയിൽവേ കൺവൻഷൻ കമ്മിറ്റി യോഗത്തിൽ കോച്ച് ഫാക്ടറി വിഷയം കെ.സി.വേണുഗോപാൽ എംപി ഉന്നയിച്ചു. റെയിൽവേ ബോർഡ് അംഗം രവീന്ദ്ര ഗുപ്ത പറഞ്ഞതിങ്ങനെ: നിലവിൽ റെയിൽവേക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാൻ കപൂർത്തല (പഞ്ചാബ്), ചെന്നൈ, റായ്ബറേലി (യുപി) എന്നിവിടങ്ങളിലെ ഫാക്ടറികൾ പര്യാപ്തമാണ്. പുതിയ ഫാക്ടറിയുടെ ആവശ്യം നിലവിലില്ല.

കഞ്ചിക്കോട് പദ്ധതി തൽക്കാലം പരിഗണനയിലില്ല. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മൂന്നുവർഷം കഴിഞ്ഞു ചരക്ക് ഇടനാഴി ആരംഭിക്കുമ്പോൾ കൂടുതൽ കോച്ചുകളുടെ ആവശ്യം വരും. കഞ്ചിക്കോടിനെക്കുറിച്ച് അപ്പോൾ ആലോചിക്കാം. റെയിൽവേ ഇരട്ടത്താപ്പു നയമാണു സ്വീകരിക്കുന്നതെന്നും വിഷയം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. I

ഭിന്നിച്ച് പ്രതിഷേധിച്ച് കേരള എംപിമാർ

കോച്ച് ഫാക്ടറിയോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ പ്രതിഷേധിക്കുന്ന കാര്യത്തിൽ കേരളത്തിലെ എംപിമാർ രണ്ടു തട്ടിൽ. ഒന്നിച്ചുനിൽക്കാതെ, എൽഡിഎഫ് എംപിമാർ 22നും യുഡിഎഫ് എംപിമാർ 25നും ഡൽഹിയിൽ സമരം നടത്തും.