ജോയ്സ് ജോർജ് ഉൾപ്പെട്ട ഭൂമി ഇടപാട്: നിയമസഭയിൽ ബഹളം

തിരുവനന്തപുരം∙  മലബാർ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഹൈക്കോടതിയിൽ നിന്നു നഷ്ടപ്പെട്ടതു പോലെ ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കിയെന്ന പി.ടി.തോമസ് എംഎൽഎയുടെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. 

ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞ വർഷം നൽകിയ ഫയലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തിയെന്ന് ആരോപിച്ചത്. ഒരു വർഷമായി ഫയലിന്റെ മുകളിൽ അടയിരിക്കുകയാണോയെന്നു റവന്യു വകുപ്പിൽ നിന്നു ലഭിച്ച വിവരാവകാശ രേഖ ഉദ്ധരിച്ച്   അദ്ദേഹം  ചോദിച്ചു. 

സഭയിലില്ലാത്ത മുഖ്യമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശം സഭാരേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചു. ആരോപണം ഉന്നയിക്കുമ്പോൾ സഭാചട്ടങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു. പി.ടി.തോമസ് പരാമർശിച്ച ഫയൽ ജോയ്സ് ജോർജ് എംപിയുടെ ഭൂമിയുമായി ബന്ധപ്പെട്ടതല്ലെന്നും മൂന്നാറിലെ ഭൂമിപ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുവായ ഫയലാണെന്നും മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. പ്രതിപക്ഷവുമായി വിഷയത്തിൽ സമവായമുണ്ടാക്കേണ്ടതിനാലാണു പരിഗണന വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതു സമയത്തും ഈ ഫയൽ പ്രതിപക്ഷ നേതാവിനെയും പി.ടി.തോമസിനെയും കാണിക്കാൻ തയാറാണെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.