മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രവാസിയെ കേരള പൊലീസിന് കൈമാറി

ന്യൂഡൽഹി ∙ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ (48) കേരള പൊലീസിനു കൈമാറി. കൊച്ചിയിലെത്തിച്ചശേഷം ഇയാളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. കൃഷ്ണകുമാറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കേരള പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണു പട്യാല ഹൗസ് കോടതി നടപടികൾ പൂർത്തിയാക്കിയത്.

വിഭാഗീയത വളർത്താനുള്ള ശ്രമം, വിവരസാങ്കേതിക മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരനായിരുന്ന കൃഷ്ണകുമാറിനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ഇയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ‍ ‍ഡൽഹിയിലെത്തിയത്. തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ, വിമാനമിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിദേശത്ത് ഒപ്പമുള്ളവരുടെ പ്രലോഭനത്തിനു വഴങ്ങിയാണു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ലൈവ് വിഡിയോ പ്രചരിപ്പിച്ചതെന്നും അതിന്റെ നിയമപരമായ ഗൗരവ സ്വഭാവം അറിയില്ലായിരുന്നുവെന്നും കൃഷ്ണകുമാർ ഡൽഹി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസ് എസ്ഐ കെ.ആർ.രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഡൽഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്തത്.