അമ്മ മാഫിയക്കൂട്ടം: ആഷിഖ് അബു

കൊച്ചി ∙ ‘അമ്മ’ കുറേ വർഷങ്ങളായി മാഫിയക്കൂട്ടമായി മാറിക്കഴിഞ്ഞെന്നും ചില ആളുകളുടെ ശക്തികേന്ദ്രമായി നിൽക്കുന്ന ക്ലബ്ബാണ് അതെന്നും സംവിധായകൻ ആഷിഖ് അബു. ആഷിഖിന്റെ ഭാര്യകൂടിയായ നടി റിമ കല്ലിങ്കൽ ഉൾപ്പെടെ നാലുപേർ അമ്മയിൽനിന്നു രാജിവച്ച പശ്ചാത്തലത്തിലായിരുന്നു വിമർശനം. ‘‘സിനിമ എന്ന പകിട്ട് മാറ്റിനിർത്തിയാൽ ഇവിടെ നടക്കുന്നതു മനുഷ്യാവകാശ ധ്വംസനങ്ങളാണ്. സ്വന്തം അഭിപ്രായത്തോടും താൽപര്യത്തോടും ചേർന്നു പോകാത്തവരെ കായികമായി നേരിട്ട് അഭിമാനത്തിനുവരെ ക്ഷതമേൽപിക്കുന്നു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഈ പെൺകുട്ടികൾ അതിൽനിന്ന് ഇറങ്ങിപ്പോന്നത്. അവർ അത്രയും അപമാനം നേരിട്ടിട്ടുണ്ട്. സംഘടനയില്ലാതെ ഇവർക്കു സിനിമ നിഷേധിക്കപ്പെടുകയാണെങ്കിൽ ഞങ്ങളൊക്കെ അവർക്കൊപ്പമുണ്ടാവും.’’ - ആഷിഖ് അബു പ്രതികരിച്ചു.