എന്തുകൊണ്ടാണ് ഇവിടെ പാർട്ടി വലിയ പരാജയമാകുന്നത്: അമിത് ഷാ; ഉത്തരംമുട്ടി സംസ്ഥാന ബിജെപി

തിരുവനന്തപുരത്തു ബിജെപി ശക്തികേന്ദ്ര ചുമതലക്കാരുടെ ദക്ഷിണ കേരള സമ്മേളന വേദിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. ബി.ഗോപാലകൃഷ്ണൻ, കെ.പി.ശ്രീശൻ, എസ്.സുരേഷ്, എച്ച്.രാജ, എ.എൻ.രാധാകൃഷ്ണൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സമീപം.

തിരുവനന്തപുരം∙ ‘കുമ്മനം രാജശേഖരനു ഗവർണർ പദവി, അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിപദം, വി.മുരളീധനു എംപി സ്ഥാനം. ഇത്രയുമൊക്കെ തന്നില്ലേ? എന്നിട്ടും എന്തുകൊണ്ടാണു കേരളത്തിൽ ബിജെപി വലിയ പരാജയമായി മാറുന്നത്?’ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ചോദ്യത്തിനു സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് ഉത്തരംമുട്ടി.

വലിയ പ്രതീക്ഷയോടെയാണു കേരളത്തിൽ നിന്നുള്ളവർക്കു ദേശീയതലത്തിൽ ശ്രദ്ധേയമായ പദവികൾ നൽകിയതെന്നും എന്നാൽ അത് ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലെന്നും അമിത് ഷാ വിമർശിച്ചു. ഈ നേതാക്കളെ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിൽ സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടു.  

ദേശീയനേതൃത്വവും കേന്ദ്രസർക്കാരും ആവുന്നതിലേറെ കേരളത്തെ സഹായിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും പാർട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കാൻ ഉപകരിക്കുന്നില്ല. നേതൃത്വത്തിന്റെ പരാജയമാണിത്– അമിത് ഷാ പറഞ്ഞു. 

പാർട്ടിയെ നയിക്കാൻ സംസ്ഥാനത്ത് അധ്യക്ഷനില്ലെന്ന ഒരു നേതാവിന്റെ പരാമർശത്തോട് അദ്ദേഹം പൊട്ടിത്തെറിച്ചു.

‘പ്രസിഡന്റ് ഉണ്ടെങ്കിൽ മാത്രമേ സംഘടനാസംവിധാനം പ്രവർത്തിക്കുകയുള്ളൂ എന്നുണ്ടോ? തന്റെ മുകളിൽ ആളുണ്ടോ എന്നു നോക്കിയല്ല ഓരോ പ്രവർത്തകനും കടമ നിറവേറ്റേണ്ടത്. മുകളിലുള്ള ആളെ പ്രീതിപ്പെടുത്താനാകരുതു ബിജെപിയിലെ പ്രവർത്തനം. യഥാർഥ ജനസേവകരാണെങ്കിൽ ജനം നിങ്ങളെ തേടിയെത്തും. പ്രസിഡന്റ് ഇല്ലെങ്കിലും പ്രവർത്തിക്കാൻ നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. ഇവിടെ എത്രപേർ ആ കടമ നിറവേറ്റിയെന്നു വ്യക്തമാക്കണം’– അമിത് ഷാ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് സിപിഎം ഭരണത്തിൽ സാധാരണക്കാർക്ക് അസംതൃപ്തിയുണ്ടെന്നു കരുതുന്നില്ല. സർക്കാരിന്റെ പോരായ്മ പുറത്തു കൊണ്ടുവരാനുള്ള അവസരമെല്ലാം കളഞ്ഞുകുളിച്ചു. പൊലീസിന്റെ വീഴ്ചകളും കോൺഗ്രസിലെ പൊട്ടിത്തെറിയും കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ സംസ്ഥാനം തങ്ങളുടേതാക്കി അവതരിപ്പിക്കുന്നതിനെതിരെയും പ്രതിരോധം തീർക്കുന്നില്ല. 

സർവകക്ഷി സംഘത്തിനു പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കോർ ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പു നേരിടുന്നതിനായി കഴിഞ്ഞ സന്ദർശനവേളയിൽ താൻ അവതരിപ്പിച്ച പദ്ധതികളുടെ പുരോഗതിയിലും അമിത് ഷാ അതൃപ്തി അറിയിച്ചു. 

തിരഞ്ഞെടുപ്പു വിജയിക്കണമെങ്കിൽ ബൂത്തുതലം മുതലുള്ള പ്രവർത്തനം ശക്തിപ്പെടുത്തണം. കൂടുതൽ ചെറുപ്പക്കാരെ നേതൃപദവിയിലേക്കു കൊണ്ടുവരണം. ബിജെപിക്കു സ്വാധീനമില്ലാത്ത ബൂത്തുകളിൽ നാലോ അഞ്ചോ ബൂത്തുകൾ ഒരുമിപ്പിച്ച് ക്ലസ്റ്ററായി പ്രവർത്തിച്ചു ശക്തി തെളിയിക്കണം. 

കോർ കമ്മിറ്റി യോഗത്തിനു പുറമെ പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലും കൺവൻഷനിലും അമിത് ഷാ പങ്കെടുത്തു.

എയിംസ്, കോച്ച് ഫാക്ടറി, ദേശീയപാത എന്നിവയ്ക്ക് വൻ കേന്ദ്രസഹായം: അമിത് ഷാ

തിരുവനന്തപുരം∙ കോഴിക്കോട് എയിംസ്, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ദേശീയപാതാ വികസനം എന്നിവയ്ക്കായി കേന്ദ്രം കേരളത്തിനു വിട്ടുവീഴ്ചയില്ലാത്ത സഹായം നൽകുമെന്നു ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ.

ദേശീയപാതാ വികസനത്തിൽ കേന്ദ്രത്തിനു തുറന്ന മനസ്സാണുള്ളത്. കേരളം സ്ഥലമെടുത്തു നൽകുന്നില്ല എന്നതാണു പദ്ധതി വേണ്ടപോലെ മുന്നോട്ടുപോകുന്നതിനു തടസ്സമെന്നു പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റി ചുമതലക്കാർക്കായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു. കേന്ദ്രം ഭരിച്ച മറ്റേതൊരു സർക്കാരും ചെയ്യാത്ത സഹായമാണു കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയം നോക്കാതെയാണു നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഒന്നാകെ കണ്ടുകൊണ്ടുള്ള വികസനമാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ പ്രവർത്തകർ കൈ മെയ് മറന്നു പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.പി.ശ്രീശൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.