തൊഴിലുറപ്പ്: സാമഗ്രികൾക്കുള്ള നിരക്ക് പരിഷ്കരിക്കുന്നില്ല; പദ്ധതികൾ നിശ്ചലം

ആലപ്പുഴ∙ തൊഴിലുറപ്പു പദ്ധതിയിൽ സാമഗ്രികൾ വാങ്ങാനുള്ള നിരക്ക് ആറു മാസമായിട്ടും പരിഷ്കരിച്ചില്ല. ഡിസംബറിലാണ് ഒടുവിൽ നിരക്കു പരിഷ്കരിച്ചത്. പഴയ നിരക്കിൽ വ്യാപാരികൾ പഞ്ചായത്തുകൾക്കു സാമഗ്രികൾ നൽകുന്നില്ല. ആസ്തി വികസന പദ്ധതികൾ നിശ്ചലം.

നിരക്കുകൾ കാലാനുസൃതമായി പുതുക്കണമെന്നു തൊഴിലുറപ്പു നിയമം പറയുന്നുണ്ട്. ഓരോ ജില്ലയിലെയും പ്രാദേശിക വിലയനുസരിച്ച് മരാമത്ത് വകുപ്പാണു നേരത്തേ നിരക്കു നിശ്ചയിച്ചിരുന്നത്. സാമ്പത്തിക – സ്ഥിതി വിവര കണക്കു വകുപ്പ് നിരക്കു നിശ്ചയിക്കണമെന്നാണു സർക്കാർ തീരുമാനം. എന്നാൽ, സ്ഥിരമായി തങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇനങ്ങളുടെ നിരക്കേ നൽകാൻ കഴിയൂ എന്നാണു സാമ്പത്തിക – സ്ഥിതി വിവര കണക്കു വകുപ്പിന്റെ നിലപാട്.

തൊഴിലുറപ്പു പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന സോഫ്റ്റ്‌വെയറിലും ആറു മാസം മുൻപുള്ള നിരക്കാണുള്ളത്. നിരക്കു പുതുക്കാതെ അധികൃതർ വിഷയം തട്ടിക്കളിക്കുന്നതു കാരണം തൊഴിലുറപ്പു പദ്ധതിയിൽ സ്ഥിരസ്വഭാവമുള്ള പ്രവൃത്തികൾ മിക്കവാറും നിലച്ചു.

ചെലവിടേണ്ടത് 40%, ചെലവിട്ടത് 16.63%

തൊഴിലുറപ്പു പദ്ധതിയിൽ അനുവദിക്കുന്ന തുകയുടെ 40% സാധനസാമഗ്രികൾക്കു ചെലവിടാമെന്നാണു വ്യവസ്ഥ. 60% കൂലിയായി നൽകണം. കേന്ദ്ര സർക്കാരിന്റെ ഒടുവിലത്തെ റിപ്പോർട്ടനുസരിച്ചു സംസ്ഥാനം സാമഗ്രികൾക്കു ചെലവിട്ടത് 16.63% മാത്രമാണ്.

കയറ്റിറക്കു കൂലിയില്ല

തൊഴിലുറപ്പു പദ്ധതിക്കു സാമഗ്രികൾ നൽകിയാൽ കയറ്റിറക്കു കൂലി ലഭിക്കില്ലെന്നതും വ്യാപാരികളെ അകറ്റുന്നു. കയറ്റിറക്കു കൂലി നൽകാൻ നിയമത്തിൽ വകുപ്പില്ല. ചില സാമഗ്രികളുടെ വിലയിൽ ജില്ല തോറും വലിയ അന്തരമുണ്ടെന്നും കണ്ടെത്തിയിരുന്നു.