അഭിഭാഷകരുടെ വിടുതൽ ഹർജി: സർക്കാരിന്റെ നിലപാടു തേടി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ തെളിവു നശിപ്പിക്കൽ കുറ്റം ചുമത്തപ്പെട്ട പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഇരുവരും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി നേരത്തേ തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.

നടിയെ ഉപദ്രവിച്ച മറ്റു പ്രതികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകരായ പ്രതികളെ ഏൽപിച്ചതു നശിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ ബാഗ് അഭിഭാഷകരുടെ ഓഫിസിൽനിന്നു കണ്ടെടുത്തിരുന്നു. 2017 മാർച്ച് 23 നു രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൾസർ സുനിൽ, വിജീഷ് എന്നീ പ്രതികളെ വക്കീൽ ഓഫിസിൽ ഒളിപ്പിച്ചെന്നും അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചു.

എന്നാൽ, കേസിലെ പ്രതികൾക്കു നിയമസഹായം നൽകുക മാത്രമാണു ചെയ്തതെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രതികളായ അഭിഭാഷകർ വിടുതൽ ഹർജി നൽകിയത്.