പീഡനം: വൈദികരിൽ ഒരാൾ കീഴടങ്ങി; രണ്ടുപേർ മുൻകൂർ ജാമ്യത്തിനു സുപ്രീം കോടതിയിലേക്ക്

കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങിയ ഓർത്തഡോക്സ് സഭാ വൈദികൻ ഫാ. ജോബ് മാത്യുവിനെ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകുന്നു. ചിത്രം: മനോരമ

കൊല്ലം/പന്തളം/കൊച്ചി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ ഓർത്തഡോക്സ് സഭാ വൈദികൻ കീഴടങ്ങി. കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയത്. മജിസ്ട്രേട്ട് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു.

കേസിൽ ഫാ. ജോബ് ഉൾപ്പെടെ മൂന്ന് ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവർ കീഴടങ്ങാതെ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നു സംശയിക്കുന്നു.

ഫാ. ജോബിനു കീഴടങ്ങാൻ അന്വേഷണസംഘം അവസരമൊരുക്കുകയായിരുന്നു. പന്തളത്തുനിന്ന് ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊട്ടാരക്കരയിലെത്തുമ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ നോക്കി അന്വേഷണസംഘം പിന്തുടർന്നു. പുലർച്ചയോടെ കൊല്ലത്തെത്തിയ വൈദികൻ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കീഴടങ്ങി. താൻ വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്നാണു പൊലീസ് ക്ലബിലെ പ്രാഥമിക ചോദ്യം ചെയ്യലിൽ ഫാ. ജോബ് അവകാശപ്പെട്ടത്. 11.30ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജില്ലാ ആശുപത്രിയിൽ ലൈംഗികക്ഷമതാ പരിശോധന നടത്തി. തിരുവല്ല മജിസ്ട്രേട്ടിന്റെ പന്തളത്തെ വീട്ടിലെത്തിച്ചാണു റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. പ്രതികളായ മറ്റു വൈദികരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നു ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് പറഞ്ഞു.

പീഡനക്കേസുകളിൽ സുപ്രിം കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ സാധ്യതയില്ലെന്ന നിയമോപദേശമാണു രണ്ടു വൈദികർക്കും ലഭിച്ചതെന്നു സൂചനയുണ്ട്. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.