പോണ്ടിച്ചേരി വാഴ്സിറ്റി വെബ്സൈറ്റിൽ ഹാക്കിങ്: വിദ്യാർഥികൾക്കു ലഭിച്ചത് അശ്ലീല സൈറ്റ്

തൃശൂർ∙ പോണ്ടിച്ചേരി സർവകലാശാലയുടെ വെബ്സൈറ്റിൽ (www.pondiuni.edu.in) വൻ ഹാക്കിങ്. സ്റ്റുഡന്റ് ലോഗിൻ അനുവദിക്കുന്ന ‘സാംസ്’ എന്ന ലിങ്കിൽ പോയ വിദ്യാർഥികൾക്കു ലഭിച്ചത് ‘അശ്ലീല സൈറ്റ്’. സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർഥികളുടെ പ്രവേശന–പഠന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റുഡന്റ് അക്കാദമിക് മാനേജ്മെന്റ് സിസ്റ്റ(സാംസ്)ത്തിലാണ് ഹാക്കർമാർ നുഴഞ്ഞുകയറി ‘അശ്ലീല സൈറ്റി’ന്റെ ലിങ്ക് ചേർത്തത്.

ശനിയാഴ്ച വൈകിട്ടു നാലോടെ പ്രവേശന ഫീസ് അടയ്ക്കാൻ ലോഗിൻ ചെയ്യാൻ ശ്രമിച്ച വിദ്യാർഥികളാണ് അശ്ലീല സൈറ്റ് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ വിദ്യാർഥികളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി വിവരം സർവകലാശാല അധികൃതരിലെത്തി.

ഐടി വിഭാഗം നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 11.58നു സെർവർ തകരാറിലായതായി കണ്ടെത്തി. ഇതുകൊണ്ടാണു ഹാക്കർമാരുടെ ആക്രമണമുണ്ടായതെന്നാണു സൂചനയെന്നും ബാക്കി പോർട്ടലുകൾക്കു തകരാർ ഇല്ലെന്നും ഐടി വിഭാഗം ഉദ്യോഗസ്ഥൻ അശോക് സ്റ്റാൻലി പറഞ്ഞു.

ഇന്ന് ഉച്ചയോടെ വെബ്സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതുച്ചേരി ആസ്ഥാനമായുള്ള പോണ്ടിച്ചേരി സർവകലാശാലയുടെ കീഴിൽ ഏകദേശം 90 കോളജുകളും അമ്പതിനായിരത്തോളം വിദ്യാർഥികളുമുണ്ട്.