നിവേദനത്തിൽ കാലവർഷക്കെടുതിയും ഉൾപ്പെടുത്തണം: ചെന്നിത്തല

തിരുവനന്തപുരം∙ ഡൽഹിയിൽ സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണുമ്പോൾ നൽകുന്ന നിവേദനത്തിൽ കേരളം ഇപ്പോൾ നേരിടുന്ന രൂക്ഷമായ കാലവർഷക്കെടുതിയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. സമീപ വർഷങ്ങളിലൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളാണു കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്.

വൻതോതിൽ കൃഷിനാശമുണ്ട്. സംസ്ഥാനത്തു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുന്നു. വ്യാപകമായ കൃഷിനാശം ഉണ്ടായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. മലയോരത്തു വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. തീരപ്രദേശത്തു രൂക്ഷമായ കടലാക്രമണമാണ്. നിരവധി പേർ കൊല്ലപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്. ഇത് നേരിടാൻ അടിയന്തര കേന്ദ്രപാക്കേജ് ആവശ്യമാണെന്നു ചെന്നിത്തല പറഞ്ഞു.