മഴ ചതിച്ചില്ലെങ്കിൽ ട്രെയിൻ ഗതാഗതം ഇന്ന് സാധാരണ നിലയിലേക്ക്

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു വേഗനിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിൻ നീലിമംഗലം പാലത്തിലൂടെ കടന്നുപോകുന്നു. ചിത്രം: മനോരമ

കൊച്ചി ∙ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലാകും. വിവിധ സ്ഥലങ്ങളിലുണ്ടായ പ്രശ്നങ്ങൾ മൂലം ഗതാഗതം താറുമാറായിരുന്നു. പാലങ്ങളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാൽ 20 കിലോമീറ്റർ വേഗത്തിലാണു കോട്ടയം ജില്ലയിൽ മൂന്നു കിലോമീറ്റർ ദൂരം ട്രെയിനുകൾ കടത്തിവിട്ടിരുന്നത്. ഇതുമൂലം ഒന്നു മുതൽ നാലു മണിക്കൂർ വരെ വൈകിയാണു ട്രെയിനുകളോടിയത്.

മീനച്ചിലാറിനു കുറുകെയുള്ള പാലത്തിൽ 45 കിലോമീറ്ററായി വേഗം നിജപ്പെടുത്തി മറ്റു പാലങ്ങളിലെ വേഗനിയന്ത്രണമാണു പിൻവലിച്ചത്. 10 ട്രെയിനുകൾ ഇന്നലെ റദ്ദാക്കിയിരുന്നെങ്കിലും ഇന്ന് ഇവ സർവീസ് നടത്താനാണു സാധ്യത. മഴ ശക്തമാകുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരികയും ചെയ്താൽ വീണ്ടും സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. എറണാകുളം ജംക്‌ഷൻ സ്റ്റേഷനിലെ തകരാറിലായ സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.

കനത്ത മഴയിൽ മരങ്ങൾ കടപുഴകി ട്രാക്കിൽ വീഴുന്നതു ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും മരം മുറിക്കാൻ ചെല്ലുമ്പോൾ ജനങ്ങൾ റെയിൽവേ ജീവനക്കാരെ തടയുന്ന സ്ഥിതിയുണ്ട്. ഇതുമൂലം പല സെക്‌ഷനുകളിലും നേരത്തേ മുറിച്ചുമാറ്റാൻ നിർദേശിച്ച മരങ്ങൾ പലതും മുറിച്ചിട്ടില്ല. ഇതാണ് ഇപ്പോൾ അപകടങ്ങൾക്കിടയാക്കുന്നത്.

ട്രാക്കിലേക്കു വീഴാൻ സാധ്യതയുള്ള മരങ്ങളുടെ കണക്ക് ഇലക്ട്രിക്കൽ, എൻജിനീയറിങ് വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തി കണ്ടെത്താറുണ്ട്. മരങ്ങൾ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണെങ്കിൽ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകാറുണ്ടെങ്കിലും സ്ഥല ഉടമകൾ അതു കാര്യമായി എടുക്കാറില്ല. യാത്രക്കാരുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ‍ സ്വകാര്യ വ്യക്തികൾ തയാറാകണമെന്നാണു റെയിൽവേ അഭ്യർഥന.