മഴ: ദുരിതാശ്വാസ വിതരണത്തിന് കലക്ടർമാർക്ക് നിർദേശം

തിരുവനന്തപുരം∙ മഴക്കെടുതി ദുരിതാശ്വാസത്തിന് അനുവദിച്ച 113.19 കോടി രൂപ അടിയന്തരമായി വിതരണം ചെയ്യാൻ കലക്ടർമാർക്ക് മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശം.

ദുരിതാശ്വാസത്തിന് ജില്ലകൾക്ക് അനുവദിച്ച തുക ഇപ്രകാരം (കോടി രൂപയിൽ):

തിരുവനന്തപുരം - 9.91, കൊല്ലം - 5.06, പത്തനംതിട്ട - 4.06, ആലപ്പുഴ - 10.31, കോട്ടയം - 13.77, ഇടുക്കി - 3.25, എറണാകുളം - 5.59, തൃശൂർ - 2.96, പാലക്കാട് - 9.57, മലപ്പുറം - 26.37, കോഴിക്കോട് - 5.88, വയനാട് - 3.18, കണ്ണൂർ - 7.75, കാസർകോട് - 5.86.

ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ടു ടീമുകൾ കോട്ടയത്തും ആലപ്പുഴയിലുമായി പ്രവർത്തിക്കുന്നു. ആലപ്പുഴയിലെ 40 അംഗ സംഘം വെള്ളക്കെട്ടിൽ അകപ്പെട്ടിരിക്കുന്നവരെ പുറത്തെത്തിക്കാൻ എസി (ആലപ്പുഴ– ചങ്ങനാശേരി) റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. എസി റോഡിൽ ഗതാഗതം പൂർണമായി തടഞ്ഞു.

കുട്ടനാട്ടിലെ 80 ശതമാനത്തോളം പാടങ്ങളും വെള്ളത്തിലാണ്. മഴക്കെടുതികളിൽ സംസ്ഥാനത്തെ ആകെ നഷ്ടം 208 കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്. 14,974 ഹെക്ടറിലെ കൃഷിനാശത്തിലൂടെ മാത്രമുള്ള നഷ്ടം 192 കോടി രൂപ. ചൊവ്വാഴ്ച മാത്രം 3398 ഹെക്ടർ കൃഷിനാശമുണ്ടായി.

കൊല്ലം തെന്മല ഡാം ഏതു നിമിഷവും തുറന്നുവിടുമെന്നു മുന്നറിയിപ്പുണ്ട്. കനത്ത മഴയിൽ മീനച്ചിലാറ്റിൽ വെള്ളം ഉയർന്നതിനാൽ കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കി. മറ്റു ട്രെയിനുകൾക്കു വേഗനിയന്ത്രണമുണ്ട്. കോട്ടയം–കുമരകം–ചേർത്തല റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സമുണ്ട്. ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞു.

കോട്ടയം ജില്ലയിൽ എട്ടു മരണം

രാജേന്ദ്രൻ നായർ

കുമാരനല്ലൂർ ∙ മഠത്തിൽ വീട്ടിൽ രാജേന്ദ്രൻ നായർ താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞദിവസം കുടുംബസമേതം സമീപത്തെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ ഈ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക്  നീന്തിപോകുമ്പോൾ കുഴഞ്ഞുവീണ് മുങ്ങിത്താഴുകയായിരുന്നു. പന്തൽനിർമാണ തൊഴിലാളിയാണ്. സംസ്കാരം ഇന്ന് നാലിന്. ഭാര്യ നീണ്ടൂർ നടുവിലേവീട് വിജയമ്മ. മക്കൾ: രാജിമോൾ, കാർത്തിക. ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി.