കേരളത്തിൽ 21% അധിക മഴ

അഞ്ചു ജില്ലകളിൽ അതിവൃഷ്ടി; രണ്ടു ജില്ലകളിലാകട്ടെ, മഴ പതിവിലും കുറവും. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ പെയ്ത മഴ സംബന്ധിച്ചു തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രത്തിന്റെ കണക്കാണിത്. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിവൃഷ്ടി. മലപ്പുറത്ത് 25 % ആണു വർധനയെങ്കിൽ മറ്റു നാലു ജില്ലകളിൽ ഇതു 40 ശതമാനത്തിലേറെ. അതേസമയം, തൃശൂർ, കാസർകോട് ജില്ലകളിൽ മഴ ശരാശരിയിലും കുറയുകയും ചെയ്തു. മഴ ഏറ്റവും കൂടിയ അഞ്ചു ജില്ലകൾക്കിടയിലാണു തൃശൂർ എന്നതും ശ്രദ്ധേയം. സംസ്ഥാനമാകെയുള്ള കണക്കെടുത്താൽ 21 % അധികം മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. സാധാരണ തോത് 1096.7 മില്ലിമീറ്ററാണെങ്കിൽ ലഭിച്ചത് 1327.9 മില്ലിമീറ്റർ. ലക്ഷദ്വീപിലാകട്ടെ മഴ 35 % കുറഞ്ഞു. 504.2 മില്ലിമീറ്ററാണു സാധാരണ തോത് എങ്കിൽ ലഭിച്ചത് 327.8 മില്ലിമീറ്റർ മാത്രം. 

റെക്കോർഡ് ’99ലെ മഴ

കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മഴ രേഖപ്പെടുത്തിയത് 1924 ജൂലൈ 16ന് ആണ് (കൊല്ലവർഷം 1099 കർക്കടകം ഒന്ന്). ഇടുക്കിയിൽ 24 മണിക്കൂറിൽ 317 മില്ലിമീറ്റർ മഴയാണ് അന്നു പെയ്തത്. തലേന്നു പെയ്തത് 240 മില്ലിമീറ്റർ. 99ലെ വെള്ളപ്പൊക്കം എന്നു പഴമക്കാർ പറയുന്ന മഴക്കെടുതി അക്കാലത്തായിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ മഴ പെയ്തതു കർക്കടകം ഒന്നിനും തലേന്നുമാണ്.