നെടുമ്പാശേരി വിമാനത്താവളത്തിൽ 1.23 കോടിയുടെ നാലു കിലോ സ്വർണം പിടിച്ചു

യുപിഎസിനകത്ത് വിദഗ്ധമായി ഒളിപ്പിച്ചു കടത്തിയ സ്വർണബിസ്കറ്റുകൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയപ്പോൾ.

കൊച്ചി ∙ യുപിഎസിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച നാലു കിലോഗ്രാം സ്വർണം രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു വിമാനത്താവളത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്നെത്തിയ തൃശൂർ മാള സ്വദേശി സുരേഷ് ബാബു ആണ് പിടിയിലായത്.

ഇയാളുടെ ചെക്കിൻ ബാഗിലുണ്ടായിരുന്ന യുപിഎസിൽ പ്രത്യേക അറകളുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഓരോ കിലോ ഗ്രാം വീതമുള്ള നാലു സ്വർണ ബിസ്കറ്റുകളായിരുന്നു. 1.23 കോടി രൂപ വിലവരുമിതിന്. ഇയാളെ അറസ്റ്റ് ചെയ്ത് സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി.