ജയിലിൽ ധനവകുപ്പിന്റെ പരിശോധന: ആക്രോശം, വെല്ലുവിളി, അസഭ്യം

തിരുവനന്തപുരം∙ ജയിലിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു ധനകാര്യ മന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെ ജോയിന്റ് സൂപ്രണ്ടിന്റെ ആക്രോശം. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലാണു സംഭവം. സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് എസ്.സജീവനെതിരെ നടപടിയാവശ്യപ്പെട്ട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസിനു കത്തു നൽകി.

തനിക്കു ചെയ്യാവുന്നതു താൻ ചെയ്തോളൂവെന്നു ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയെ വെല്ലുവിളിച്ച സൂപ്രണ്ട് അന്വേഷണ സംഘത്തിലെ വനിതാ സെക്‌ഷൻ ഓഫിസർ നിൽക്കെ അസഭ്യപദപ്രയോഗം നടത്തിയെന്നും ധനകാര്യവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.

മന്ത്രി തോമസ് ഐസക്കിന്റെ ഓഫിസിൽ ലഭിച്ച രണ്ടു പരാതികളിൻമേൽ അന്വേഷണം നടത്താനാണ് അണ്ടർ സെക്രട്ടറി, സെക്‌ഷൻ ഓഫിസർ, അസി. സെക്‌ഷൻ ഓഫിസർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ 13നു പത്തരയോടെ നെട്ടുകാൽത്തേരി ജയിലിൽ എത്തിയത്. സൂപ്രണ്ടിന്റെ ചുമതലയുള്ള എസ്.സജീവൻ ഓഫിസിൽ ഉണ്ടായിരുന്നില്ല. മറ്റുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകൾ പരിശോധിച്ചു.

മേയ് 31 വരെയുള്ള കണക്കു മാത്രമേ കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നുള്ളൂ. 2661 രൂപ കുറവുണ്ടെന്നും കണ്ടെത്തി. ഉച്ചഭക്ഷണത്തിനുശേഷം അന്വേഷണ സംഘം പരിശോധന തുടരാൻ എത്തിയപ്പോഴേക്കും സജീവൻ ഓഫിസിലെത്തിയിരുന്നു. തന്റെ അസാന്നിധ്യത്തിൽ പരിശോധന നടത്തിയതിന്റെ പേരിൽ അദ്ദേഹം ക്ഷുഭിതനാകുകയായിരുന്നു.