കുമ്പസാര രഹസ്യം: മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ

ന്യൂഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി. 

മുൻകൂർ ജാമ്യത്തിനായി ഫാ. ഏബ്രഹാമും ഫാ. ജെയ്സും നൽകിയ ഹർജികളിൽ ഈ മാസം ആറിന് ഉത്തരവു നൽകുമെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, തന്റെ ഭാഗംകൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്ന് പീഡനമാരോപിച്ച യുവതി കക്ഷിചേരൽ അപേക്ഷയിൽ വ്യക്തമാക്കി. 

ഒന്നാം പ്രതി 1999ൽ പീഡനം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കേണ്ടതുണ്ട്. പ്രതികൾ‍ക്ക് മതവിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ലൈംഗികശേഷി പരിശോധന ഉൾപ്പെടെ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശാനുസരണമാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.