സെക്രട്ടേറിയറ്റ് അസി. പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാതെ 2.75 ലക്ഷം പേർ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്ടോബർ 13നു പിഎസ്‌സി നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ ഇതുവരെ കൺഫർമേഷൻ നൽകാത്തതു 2.75 ലക്ഷം പേർ. നേരിട്ടുള്ള നിയമനത്തിനു 6,83,588 പേരും തസ്തികമാറ്റം വഴി 5774 പേരും ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 4,10,000 പേർ മാത്രമാണ് ഇതിനോടകം പരീക്ഷയ്ക്ക് എത്തുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ശേഷിക്കുന്നവർക്കു കൺഫർമേഷൻ നൽകാനുള്ള സമയപരിധി 11ന് അവസാനിക്കും.

ഒറ്റത്തവണ റജിസ്ട്രേഷൻ വഴി കൺഫർമേഷൻ നൽകാത്തവർക്കു പരീക്ഷ എഴുതാൻ കഴിയില്ല. അവരുടെ അപേക്ഷ നിരസിക്കപ്പെടും. ഇന്നു നടത്തുന്ന കമ്പനി, കോർപറേഷൻ, ബോർഡ് അസിസ്റ്റന്റ് പരീക്ഷയ്ക്കു കൺഫർമേഷൻ നൽകാതിരുന്ന ഒന്നരലക്ഷം പേരുടെ അപേക്ഷയാണു പിഎസ്‌സി നിരസിച്ചത്. ജൂലൈ 22നു നടത്തിയ സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ 1,30,706 അപേക്ഷകൾ കൺഫർമേഷൻ നൽകാത്തതിനാൽ നിരസിക്കപ്പെട്ടിരുന്നു.